തിരുവനന്തപുരം: തങ്ങൾക്കെതിരെ ചില കടലാസ് സംഘടനകൾ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ അപലപനീയമെന്ന്
നെയ്യാറ്റിൻകര ലത്തീൻ രൂപത. കഴിഞ്ഞ ദിവസങ്ങളിൽ രൂപതാധ്യക്ഷനെതിരെയും മുൻ വികാരി ജനറൽ മോൺ ജി.ക്രിസ്തുദാസിനെതിരെയും നടത്തിയ പ്രചാരണങ്ങൾ ഖേദകരമാണ്. ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾ വിവിധ ഉപജാതിയിൽപെട്ടവരാണെന്ന യാഥാർഥ്യം മറച്ചുവച്ച് നെയ്യാറ്റിൻകര രൂപതയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവരുടെ ലക്ഷ്യം നിഗൂഢമാണ്.
ചില കടലാസ് സംഘടനകൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾ രൂപത തള്ളിക്കളയുന്നു. പരമ്പരാഗതമായി ലത്തീൻ കത്തോലിക്കാ വിശ്വാസികളാണ് നെയ്യാറ്റിൻകര രൂപതയിലുള്ളത്. അവരെ ജാതി മാറ്റമെന്ന വ്യാജപ്രചാരത്തിലൂടെ അവഹേളിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്കെതിരെ മതപരിവർത്തനം ആരോപിക്കുന്നത് ചില സംഘടനകളുടെ വർഗീയ അജൻഡയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾക്ക് റവന്യു അവകാശം ഉറപ്പാക്കാൻ ആവശ്യമായ രേഖകൾ റവന്യു അധികാരികളുടെ സഹായരേഖയായി എല്ലാ ലത്തീൻ രൂപതകളും നൽകാറുള്ളതുപോലെ നെയ്യാറ്റിൻകര രൂപതയും നൽകുന്നുണ്ട്. ലത്തീൻ കത്തോലിക്കനായ ഒരു വ്യക്തിയെ അയാൾ ലത്തീൻ കത്തോലിക്കനെന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകേണ്ട അവകാശം ഇപ്പോഴും രൂപതാധികാരികൾക്ക് തന്നെയാണ്. ഇക്കാര്യങ്ങളെല്ലാം നിലവിലുള്ളപ്പോൾ രൂപതയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഗൂഢശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും രൂപത അറിയിച്ചു.