പക്ഷം /ഫാ. സേവ്യര്‍ കുടിയാംശേരി
09.08.2025 ശനിയാഴ്ച ആലപ്പുഴയില്‍വച്ചു നടന്ന പി.റ്റി. ചാക്കോ ഫൗണ്ടേഷന്റെ അവാര്‍ഡു ദാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു ‘ഭരണഘടന ഉളളിടത്തോളം കാലം ഇന്ത്യ സുരക്ഷിതമായിരിക്കും’. ഭരണഘടനയുടേയും ഇന്ത്യാ രാജ്യത്തിന്റെയും സുരക്ഷയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കുറെക്കാലമായി ഇവിടെ
കുറെപ്പേര് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ‘കേശവാനന്ദഭാരതി’ കേസിലെ വിധിപ്രകാരം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താമെങ്കിലും അതിന്റെ ബെസിക് സ്റ്റ്രക്ച്ചറില്‍ മാറ്റം വരുത്താനാവില്ല. നമ്മുടെ കോടതി സംവിധാനങ്ങളുള്ളിടത്തോളംകാലം ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയില്ല.
ഭരണഘടന മാറ്റിയെഴുതാന്‍മാത്രം ഭൂരിപക്ഷം പാര്‍ലമെന്റിലും അസംബ്ലികളിലും ലഭിക്കാനും പോകുന്നില്ല. കാര്യങ്ങള്‍
ഇങ്ങനെയായിരിക്കെ ഭരണഘടന ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ ഏകദേശം എല്ലാവര്ക്കും ഉണ്ട്. ഭരണഘടനയുടെ ശത്രുക്കള്‍ക്കു പിന്നെ എന്താ? ബെടക്കാക്കി തനിക്കാക്കുക, അത്രതന്നെ. അതു രാജ്യം കുട്ടിച്ചോറാക്കില്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ അങ്ങനെ ആയാലെന്താ ഞങ്ങള്‍ക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട, ഇതാണു മനോഭാവം. വേലിതന്നെ വിളവു തിന്നുന്നു. ഭരണഘടനയ്ക്കു ദയാവധം കല്പിച്ചിരിക്കുന്നു.
ഭരണഘടനയെ മാറ്റിയെടുക്കാനായില്ലെങ്കില്‍ ഭരണഘടനാ സംവിധാനങ്ങളില്‍ ബലക്ഷയം സൃഷ്ടിക്കാനും ഭരണഘടനയിലെ സുപ്രധാന വകുപ്പുകളില്‍ വെള്ളം ചേര്‍ക്കാനും ബോധപൂര്‍വ്വം ആസൂത്രിതമായി ശ്രമിക്കാനാണു പ്ലാന്‍. അതിന്റെ പരിണിത ഫലമാണു നാം ഈ നാളുകളില്‍ കാണുന്നത്.
നിരാലംബരും നിരാശ്രയരുമായ മനുഷ്യര്ക്കഭയമാകാന് വീടും നാടും വിട്ടിറങ്ങിയ കന്യാസ്ത്രികളേയും അവരെ അനുഗമിച്ചവരേയും ചത്തിസ്ഗഡിലെ റെയില്‍വേസ്റ്റേഷനില്‍ അകാരണമായി തടഞ്ഞുവയ്ക്കുകയും കേസെടുക്കുകയും ചെയ്ത നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളുണ്ടായിട്ട് അധികകാലമായിട്ടില്ല. കഴിഞ്ഞ മാസം 25-ാം തീയതി ചത്തിസ്ഗഡ് റെയില്‍വേ സ്റ്റേഷനിലേക്ക് ബജറംഗ്ദള് പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ റെയില്‍വേ ജീവനക്കാര്‍ ആരുടെയൊക്കെയോ ചട്ടു
കമായി മാറുകയായിരുന്നു.
എന്തു കുറ്റത്തിന്റെ പേരിലാണ് പൊലീസ് അവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത് എന്നു വ്യക്തമല്ല. കന്യാസ്ത്രികള്‍ കൂടെക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ സി.എസ്.ഐ. സഭാ സമൂഹത്തില്‍ പെടുന്നവരാകയാല് മതപരിവര്‍ത്തനം എന്ന വിഷയമേ ഇല്ല.
സിസ്റ്റേഴ്സ് പാവപ്പെട്ട മൂന്നു പെണ്‍കുട്ടികള്‍ക്കു ജോലി കൊടുക്കാന്‍ കൊണ്ടുപോയതാകയാല് മനുഷ്യക്കടത്തിന്റെ പ്രശ്നവുമില്ല. മാത്രമല്ല അവരുടെ മാതാപിതാക്കളുടെ അനുവാദത്തോടെയാണ് അവര്‍ സിസ്റ്റേഴ്സിന്റെ കൂടെ പോയതും. അവരുടെ
കൈയില്‍ ആധാര്‍ കാര്‍ഡുകളും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്. അവരെ പരസ്യമായി ചോദ്യം ചെയ്യാന്‍ ബജ്റംഗ്ദള്‍ പ്രവര്‍ക്കര്‍ക്ക് ആര് അനുവാദം കൊടുത്തു? ഇവിടെയെല്ലാം നമമുടെ ഭരണഘടനാ സംവിധാനങ്ങളേയും
ഭരണഘടനയിലെ വിവിധ വകുപ്പുകളെ തകര്‍ക്കുകയുമാണ്. ഭരണഘടനയിലെ 25-ാം വകുപ്പുപ്രകാരം ഈ രാജ്യത്ത് പൗരന്മാര്ക്ക് ഏതു മതത്തിലും വിശ്വസിക്കാം വിശ്വസിക്കുന്നതു ജീവിക്കാം. വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നത് പ്രചരിപ്പിക്കാം. അതിന്റെ നഗ്നമായ ലംഘനം ഇവിടെയുമുണ്ട്.
ചത്തിസ്ഗഡില് മതസ്വാതന്ത്ര്യം എന്ന പേരില്‍ പാസ്സാക്കി
യിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തെവിടേയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കെ അതു കാറ്റില്‍ പറത്തുന്നു. ഇതൊക്കെത്തന്നെയാണ് ഒഡീഷ്യയിലെ ജലേശ്വറില്‍ വൈദികരേയും സിസ്്റ്റേഴ്സിനേയും ആക്രമിച്ച കേസിലും സംഭവിച്ചത്. അച്ചന്മാരുടേയും കന്യാസ്ത്രികളുടേയും കൈയിലുണ്ടായിരുന്ന വിശു
ദ്ധഗ്രന്ഥങ്ങള് വാങ്ങി പുഴയിലെറിഞ്ഞത് കടുത്ത ഭരണഘടനാ ലംഘനമാണ്.
ഇപ്പോള്‍ ഇവിടെ ഞങ്ങളാണു ഭരിക്കുന്നതെന്നും ക്രിസ്ത്യാനികള്‍ രാജ്യം വിടണമെന്നും ആക്രോശിക്കുന്നുണ്ടായിരുന്നു ബജ്രംദളുകാര്. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പ്യര്യത്തിനും മഹോന്നതമായ ദാര്ശനികപൈതൃകത്തിനും കളങ്കം ചാര്‍ത്തുന്നതാണ് ഇത്തരം നടപടികള്‍. ഭരണഘടനയിലെ 25-ാം വകുപ്പു പ്രകാരം നല്കപ്പെട്ടിരിക്കുന്ന മതസ്വാന്ത്യത്തിനുമേലുള്ള കടന്നുകയറ്റമാണ്.
വോട്ടു കൊള്ള
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗൗരവതരമായ ആരോപണങ്ങളാണ് ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയത്. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച ഇരുപത്തിയഞ്ചു മണ്ഡലങ്ങളിലെങ്കിലും ഫലം വോട്ടര്‍ പട്ടികയിലെ അസാധാരണമമായ ക്രമക്കേടുകളിലൂടെ നേടിയതാണെന്നാണു രാഹുല്‍ ആരോപിച്ചത്.
കര്‍ണാടകയിലെ ഒരു മണ്ഡലത്തില്‍ സംഭവിച്ചതായിപ്പറയുന്ന ക്രമക്കേടുകള്‍ ഉദാഹരണമായി അവതരിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വോട്ടുകൊള്ളയുടെ ചിത്രം മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉന്നയിച്ച പരാതികള്‍ വളരെ ഗൗരവമുള്ളതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ടു ചേര്ക്കപ്പെട്ടതിനേക്കാള് വോ
ട്ടര്‍മാര്‍ അഞ്ചു മാസംകൊണ്ടു ചേര്‍ക്കപ്പെട്ടു. തിരഞ്ഞെടുപ്പു ദിവസം വൈകിട്ട് അഞ്ചിനു ശേഷം വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തിലെത്തിയത് സംശയാസ്പദമാണ്. തിരഞ്ഞെടുപ്പു കമ്മീഷനെതിരെ ഒരു ആറ്റം ബോംബു കൈയിലുണ്ടെന്നും തെളിവുകള്‍ പുറത്തുവന്നാല്‍ ബോംബുപോലെ പൊട്ടുമെന്നും ആഗസ്റ്റ് 1 ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ രാഹുല്‍ ബോംബു പൊട്ടിക്കാന്തന്നെ തീരുമാനിക്കുകയായിരുന്നു. മാധ്യമങ്ങളെ വിളിച്ചു വരുത്തി. ഇത്തവണ രാഹുല്‍ അദ്ദേഹത്തിന്റെ തന്നെ യു.ട്യൂബ് ചാനലു വഴി ഒരു ലൈവ് പ്രോഗ്രാമിലൂടെ പവര്‍ പോയിന്റ് പ്രസന്റേഷന് നടത്തുകയായിരുന്നു. വിദേശ രാജ്യങ്ങളിലെ ഒരു രീതിയാണിത്.
തിരഞ്ഞെടുപ്പു കമ്മീഷന് ആദ്യം മൗനം പാലിച്ചു. പിന്നീടു പരിഹാസത്തിന്റെ രീതിയില്‍ ചിരിച്ചു തളളി. രാജ്യത്തിനകത്തും
പുറത്തും ചര്‍ച്ചയായതോടെ വോട്ടു തട്ടിപ്പു ആരോപണങ്ങള്‍ക്ക് ചട്ടപ്രകാരം സത്യവാങ്മൂലം സഹിതം തെളിവു നല്കാന് രാഹുല്‍ ഗാന്ധിയോടു കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷന് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വിശ്വാസയോഗ്യമല്ലാത്ത ആരോപണം ഉന്നയിച്ചതിന് രാജ്യത്തോടു മാപ്പു പറയണമെന്നായി. വോട്ടര്‍ പട്ടിക ഇലക്ട്രോണിക് രൂപത്തില്‍ നല്കിയാല് നരേന്ദ്രമോദി പ്രധാനമന്ത്രിയായതു വോട്ടു കവര്ച്ചയിലൂടെയാണെന്നു തെളിയിക്കാമെന്നു രാഹുല്‍ തിരിച്ചടിച്ചു. കൂടാതെ രാഹുല്‍ ഇന്ത്യാ മുന്നണിയിലെ അംഗങ്ങള്‍ക്ക് അത്താഴ വിരുന്നു നല്കി കാര്യങ്ങള്‍ വിശദീകരിച്ചു. പലതരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയത് എണ്ണിയെണ്ണി അവതരിപ്പിച്ചു. തിരഞ്ഞെടുപ്പു വിജയം നേടുന്നതിനായി തിരഞ്ഞെടുപ്പു കമ്മീഷന് ബിജെപിക്കുവേണ്ടി ക്രമക്കേടു
കാട്ടിയതായി ആരോപിച്ചു.
അതോടെ ഇന്ത്യാ മുന്നണിയും മറ്റു പാര്‍ട്ടികളും ശക്തമായ പ്രതികരണവുമായി രംഗത്തുവന്നു. ഭരണഘടനയിലെ 324,325,326 എന്നീ വകുപ്പുകളുടെ ലംഘനം നടന്നിരിക്കുന്നു. കര്‍ണാടക, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷനുകള്‍ തെളിവുകള്‍ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിക്കു നോട്ടീസ് അയച്ചു. ഇതില്കൂടുതല് എന്തു തെളിവു ഹാജരാക്കാനാണ്? തിരെഞ്ഞടുപ്പു കമ്മീഷന് ഉത്തരം പറഞ്ഞേ മതിയാവൂ. ഇതുമായി ബന്ധപ്പെട്ട തുടര്‍ ചലനങ്ങള്‍ ഇനിയും കാത്തിരുന്നു കാണേണ്ടിവരും. ചുരുക്കി പറഞ്ഞാല്‍ ഇവിടെ കുറേപ്പേര് ചേര്‍ന്ന് നമ്മുടെ ഭരണഘടനയ്ക്കു ദയാവധം കല്പിച്ചിരിക്കുന്നു എന്നാണ് എന്റെ പക്ഷം.