ഇസ്ലാമാബാദ്: പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷത്തിനിടെ വ്യാപക ആക്രമണം. കറാച്ചിയിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെയുണ്ടായ ആക്രമണത്തിൽ എട്ട് വയസുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വിവിധയിടങ്ങളിലുണ്ടായ സംഭവങ്ങളിൽ 60ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
വെടിയേറ്റാണ് സാധാരണക്കാരായ മൂന്ന് പേരുടെയും മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിവയ്പ്പിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
പരിക്കേറ്റവരെ സിവിൽ, ജിന്ന, അബ്ബാസി ഷഹീദ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ നിന്ന് ഇരുപതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവരിൽ നിന്ന് ആധുനിക തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഓഗസ്റ്റ് 14 നാണ് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം. ഇതിന്റെ മുന്നോടിയായി നടന്ന പരിപാടിയിലാണ് വ്യാപക വെടിവയ്പ്പുണ്ടായത്. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഇതേ ദിവസം നടന്ന അക്രമങ്ങളിൽ 95 പേർക്ക് പരിക്കേറ്റിരുന്നു