ഒന്റാറിയോ: കാനഡയിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ ഏറുന്നു. ഇന്ത്യക്കാരായ ദമ്പതികൾക്ക് നേരെ യുവാക്കളുടെ അക്രമമുണ്ടായി . വംശീയപരമായ അക്രമമാണ് നടന്നത്. കഴിഞ്ഞ 29നാണ് പീറ്റർബൊറഫിലെ ലാൻസ്ഡൗൺ പ്ലേസ് മാളിൽ സംഭവം നടന്നത്. മൂന്ന് യുവാക്കൾ ദമ്പതികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും അധിക്ഷേപത്തിനിരയായ യുവാവ് പുറത്ത് വിട്ടു.
പിക്കപ്പ് ട്രക്കിൽ വന്ന യുവാക്കൾ ദമ്പതികളുടെ വാഹനം ബ്ലോക്ക് ചെയ്ത ശേഷം അശ്ലീലം പറയുകയും വംശീയ അധിക്ഷേപം നടത്തുകയുമായിരുന്നു. കനേഡിയൻ യുവാക്കൾ ഇന്ത്യൻ യുവാവിനെ വലിയ മൂക്കുള്ളയാളെന്നും നിങ്ങൾ കുടിയേറ്റക്കാരാണെന്നും പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇന്ത്യൻ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ യുവാക്കളിലൊരാൾ വധഭീഷണി മുഴക്കുകയും ചെയ്തു.
‘കാറിൽ നിന്ന് ഇറങ്ങി നിന്നെ കൊല്ലണോ?’ എന്ന് യുവാവ് ചോദിക്കുന്നതും കാണാം. സംഭവത്തിൽ 18കാരനെ അറസ്റ്റ് ചെയ്തതായി പീറ്റർബറൊഫ് പൊലീസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനാണ് യുവാവിനെതിരെ കേസെടുത്തത്.