ന്യൂഡൽഹി: താത്ക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക് . ഡിജിറ്റൽ, കെടിയു വി സിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ വീണ്ടും നിയമിച്ചതോടെയാണിത് . സർക്കാർ നൽകിയ പാനൽ തള്ളിയാണ് രാജ്ഭവൻ വിജ്ഞാപനം ഇറക്കിയത്.
നടപടിയെ നിയമപരമായി നേരിടാനാണ് സർക്കാർ തീരുമാനം.ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി സിസാ തോമസിനേയും കെടിയു സർവകലാശാല വൈസ് ചാൻസലറായി കെ ശിവപ്രസാദിനേയും നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നിയമനം സംബന്ധിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയിരുന്നു. വിസി നിയമനം സർക്കാർ പാനലിൽ നിന്ന് വേണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് .
ഇതിനെതിരെ ഗവർണർ സുപ്രീംകോടതിയെ സമീപിച്ചു . ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ ഉടൻ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. അതുവരെ താത്ക്കാലിക വിസിമാർക്ക് തുടരാമെന്നും വിസി നിയമനത്തിനായി ഗവർണർക്ക് വിജ്ഞാപനം ഇറക്കാം എന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വിസി നിയമത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും തർക്കങ്ങളിൽ അനുഭവിക്കുന്നത് വിദ്യാർത്ഥികളാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം സർക്കാരിനെ മറികടന്ന് ഡിജിറ്റൽ, കെടിയു സർവകലാശാലകളിൽ ഗവർണർ താൽക്കാലിക വിസി നിയമനം നടത്തിയിരുന്നു. ആറ് മാസത്തേയ്ക്കാണ് നിയമനം. ഇത് സംബന്ധിച്ച് ഗവർണർ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു . വി സി നിയമനം സർക്കാർ പാനലിൽ നിന്ന് വേണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായായിരുന്നു ഗവർണർ വി സി നിയമനവുമായി മുന്നോട്ടുപോയത്.
സുപ്രീകോടതി നിർദേശം മറികടന്നുള്ള ഗവർണറുടെ നടപടി റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.ആരിഫ് മുഹമ്മദ് ഖാൻ പിന്തുടർന്ന അതെ സംഘി വഴികളിലൂടെ സർക്കാരുമായി യുദ്ധം തുടരുകയാണ് ആർലേക്കർ.