കെ ജെ സാബു
‘സേവിക്കാൻ മുട്ടുന്നുണ്ടെങ്കിൽ സേവിച്ചോളൂ. പക്ഷേ അതിന്റെ ഒപ്പം പ്രാർഥനയും സുവിശേഷവും കുരിശിൽ കേറ്റലുമൊന്നും അകമ്പടി വേണ്ടാ. നിങ്ങളുടെ ഗുഡ്ബുക്കിൽ കയറാനായി മതംമാറ്റമടക്കമുള്ള അടിസ്ഥാന വിഷയങ്ങളിൽ വിട്ടുവീഴ്ചക്ക് ആരും തയ്യാറല്ല’ -ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികലയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ പരാമർശം.
ഛത്തീസ്ഗഢിൽ ക്രിസ്തുമത വിശ്വാസികൾക്ക് നേരെ സംഘ്പരിവാർ സംഘടനയായ ബജ്രംഗ്ദൾ പ്രവർത്തകർ വീണ്ടും ആക്രമണം അഴിച്ചുവിട്ടതിനെ ന്യായീകരിക്കുന്ന പോസ്റ്റിൽ, കന്യാസ്ത്രീകളുടെ അറസ്റ്റിനെ മാമാങ്കമാക്കിയതോടെ ഇപ്പോൾ അവരെല്ലാം കൂടുതൽ ജാഗ്രതയോടെ പെരുമാറാൻ തുടങ്ങിയെന്നും മതം മാറ്റം അവസാനിപ്പിക്കാതെ ബഹളം കൂട്ടി നടന്നാലൊന്നും ഈ വിഷയം അവസാനിക്കില്ലെന്നും ശശികല ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട് .
മതംമാറ്റവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ആക്രമിക്കുകയും ജയിലിലടക്കുകയും ചെയ്തതിന്റെ വിവാദം കെട്ടടങ്ങുംമുമ്പാണ് വീണ്ടും ഛത്തീസ്ഗഢിൽ തന്നെ ക്രിസ്ത്യൻ പ്രാർഥനകൂട്ടായ്മക്ക് നേരെ ബജ്രംഗ്ദൾ ആക്രമണമുണ്ടായത് .പാസ്റ്ററുടെ നേതൃത്വത്തിൽ പ്രാർഥന നടത്തുമ്പോഴാണ് സംഘം എത്തിയത്. മതപരിവർത്തനം നടത്തുന്നുണ്ടെന്ന ആരോപണം ഉയർത്തി ബജ്റംഗ്ദൾ പ്രവർത്തകർ പ്രാർഥനക്കെത്തിയവരെ മർദിക്കുകയും ചെയ്തു .
മത വിശ്വാസവും ആചാരണവും മതപരിവർത്തനവും ഭരണഘടനാപരമായി അനുവദനീയമായ ഇന്ത്യയിൽ കെ.പി. ശശികലയ്ക്ക് ക്രിസ്ത്യാനികളെ വിശിഷ്യാ സന്യസ്തരെ മെക്കിട്ട് കേറാനുള്ള അധികാരമില്ല .സുരക്ഷിതമായ ലാവണങ്ങളിൽ ഇരുന്ന് ഫേസ്ബുക്കിലൂടെ മതവർഗ്ഗീയത ആളിക്കത്തിച്ചും ഹിന്ദു ഐക്യവേദി ഒരുക്കുന്ന സമ്മേളനങ്ങളിൽ ഏറ്റവും വിഷലിപ്തമായ അപരമത വിദ്വെഷം പ്രസംഗിച്ചും നടക്കുന്ന ഇവർക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതികൂലമായ സാഹചര്യത്തിൽ പാവപ്പെട്ട മനുഷ്യർക്ക് ആഹാരവും മരുന്നും വിദ്യാഭ്യാസവും എത്തിക്കുന്ന സന്യസ്തരെ അവഹേളിക്കാൻ ആരാണ് അധികാരം നൽകിയത് .
കൂട്ടത്തിൽ പറയട്ടെ ,ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ തന്നെ ശശികല ഉൾപ്പടെയുള്ള ഹിന്ദുത്വ പ്രചാരകർക്ക് കുടപിടിക്കുന്ന ഒരുവിഭാഗം വിവരദോഷകൾ ഉണ്ടെന്നതും അവരെ വിലക്കാൻ ആരുമില്ലെന്നതും യാഥാർഥ്യമാണ് .