കോഴിക്കോട്: ആർച്ച്ബിഷപ്പായി ഉയർന്നതിനുശേഷം ആദ്യമായി ചെറുവണ്ണൂരിലെത്തിയ കോഴിക്കോട് അതിരൂപതാ ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനും , വെനേറിനി സന്യാസിനി സഭയുടെ സുപീരിയർ ജനറലായി തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരിയും മലയാളിയുമായ സിസ്റ്റർ സിസി മുരിങ്ങമ്യാലിനും, ജനറൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ബ്രിജിത് വടക്കേപുരക്കലിനും ചെറുവണ്ണൂരിൽ സ്വീകരണവും ആദരവും നൽകി.
ചെറുവണ്ണൂർ ജംഗ്ഷനിൽ നടന്ന സ്വീകരണത്തിന് ശേഷം, മുത്തുകുടകളും മഞ്ഞ–വെള്ള നിറത്തിലുള്ള ബലൂണുകളും, മാലാഖവേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി വർണ്ണപ്പകിട്ടാർന്ന റാലിയിലൂടെ തുറന്ന ജീപ്പിൽ വിശിഷ്ടാതിഥികളെ സ്കൂൾ പരിസരത്തേക്ക് കൊണ്ടുവന്നു. അവിടെ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് ആർച്ച്ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ നടന്ന അനുമോദനയോഗം കോഴിക്കോട് അതിരൂപത ആർച്ച്ബിഷപ്പ് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ തിരുഹൃദയ ദേവാലയം സഹവികാരി ഫാ. ജെർലിൻ സ്വാഗതപ്രസംഗം നടത്തി. യോഗത്തിൽ അധ്യക്ഷനായി കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജൻസൻ പുത്തൻവീട്ടിൽ സന്നിഹിതനായി.
ഉദ്ഘാടന പ്രസംഗത്തിൽ ആദരിക്കപ്പെടുന്ന മൂന്ന് വ്യക്തികളുടെ നേട്ടങ്ങൾക്കും വിശ്വാസജീവിതത്തിനും വേണ്ടി പ്രാർത്ഥനയിലൂടെ പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ബാഹ്യാഘോഷങ്ങളേക്കാൾ പ്രാർത്ഥനയ്ക്കാണ് മുൻതൂക്കം നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ചു.
സിസ്റ്റർ സിസിയുടെയും സിസ്റ്റർ ബ്രിജിറ്റിന്റെയും ഉയർന്ന സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അഭിനന്ദനാർഹമാണെന്ന് പറഞ്ഞു. ഇന്ത്യയിലും ഏഷ്യയിലും നിന്നുള്ള വെനേർനി സഭയിലെ ആദ്യ സുപീരിയർ ജനറൽ എന്ന നിലയിൽ സിസ്റ്റർ സിസിയുടെ നേട്ടം അഭിമാനകരമാണെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു.
എസി പ്രൊവിൻഷ്യൽ സിസ്റ്റർ ജസീനയും ചെറുവണ്ണൂർ പൗരസമിതി പ്രസിഡന്റ് ഉദയകുമാറും ആശംസാപ്രസംഗം നടത്തി. വിശിഷ്ടാതിഥികൾക്ക് മംഗളപത്രം ചെറുവണ്ണൂർ തിരുഹൃദയ ദേവാലയം ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ നൽകി. ഇടവകയിലെ വിവിധ സംഘടനകളും സ്കൂളുകളും, ചെറുവണ്ണൂർ പൗരസമിതിയും, വിവിധ ക്ലബ്ബുകളുംപാരിഷ് കൗൺസിലും ചേർന്ന് പൊന്നാടയും സമ്മാനങ്ങളും നൽകി വിശിഷ്ട വ്യക്തികളെ ആദരിച്ചു.
മറുപടി പ്രസംഗത്തിൽ സിസ്റ്റർ സിസി എല്ലാവരോടും നന്ദി അറിയിച്ചു. ചടങ്ങിന്റെ ഔപചാരിക നന്ദി വെനേറിനി വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷെറിൻ അറിയിച്ചു.