ചിക്കാഗോ: നാസയുടെ അപ്പോളോ 13 ബഹിരാകാശ ദൗത്യത്തിൻറെ കമാൻഡറായിരുന്ന ജിം ലോവൽ അന്തരിച്ചു. ചിക്കാഗോയിൽ 97-ാം വയസിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദേഹത്തിൻറെ അന്ത്യമെന്ന് നാസ അറിയിച്ചു. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആശങ്കയിലായ അപ്പോളോ 13 പേടകത്തെ പസഫിക് സമുദ്രത്തിൽ സാഹസികമായി ഇറക്കി ലോകത്തെ വിസ്മയിപ്പിച്ച ബഹിരാകാശ സഞ്ചാരിയായിരുന്നു ജിം ലോവൽ. ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര നടത്തിയ സഞ്ചാരികളിൽ ഒരാൾ കൂടിയാണ് ജിം ലോവൽ.
യുഎസ് നേവിയിൽ ക്യാപ്റ്റനായിരിക്കേയാണ് ജിം ലോവൽ നാസയിലേക്ക് അപേക്ഷിച്ചത്. ചന്ദ്രനിൽ മനുഷ്യരെ ഇറക്കുക ലക്ഷ്യമിട്ട് നാസ 1970 ഏപ്രിൽ 11ന് അയച്ച അപ്പോളോ 13 എന്ന ചരിത്ര ദൗത്യത്തിൻറെ കമാൻഡർ എന്ന നിലയിലാണ് ലോവൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ജാക്ക് സ്വിഗർട്ട്, ഫ്രെഡ് ഹൈസ് എന്നിവരായിരുന്നു മറ്റ് ദൗത്യസംഘാംഗങ്ങൾ. ജിം ലോവലിൻറെ 42-ാം വയസിലായിരുന്നു അപ്പോളോ 13 യാത്ര.
എന്നാൽ അപ്പോളോ ദൗത്യത്തിന് ചന്ദ്രനിൽ ഇറങ്ങാനായില്ല. വിക്ഷേപണത്തിന് 56 മണിക്കൂറിന് ശേഷമുണ്ടായ ഓക്സിജൻ ടാങ്ക് സ്ഫോടനം അപ്പോളോ 13 പേടകത്തിൻറെ യാത്ര പാതിവഴിയിൽ വച്ച് പ്രതിസന്ധിയിലാക്കി. ഇതോടെ വലിയ ആശങ്കയിലായ ദൗത്യം എന്നാൽ ജിം ലോവലിൻറെയും സംഘത്തിൻറെയും നിശ്ചയദാർഢ്യം കൊണ്ട് വലിയൊരു അപകടത്തിൽ അവസാനിച്ചില്ല. ലോവൽ അപ്പോളോ പേടകത്തെ 1970 ഏപ്രിൽ 17ന് പസഫിക്കിൽ ശാന്തമായി ഇറക്കി. അപ്പോളോ 13 പേടകത്തിൻറെ സ്പ്ലാഷ്ഡൗൺ ടെലിവിഷൻ സംപ്രേഷണത്തിലൂടെ ലോകം കണ്ടു. അപ്പോളോ 13ന് പുറമെ ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ബഹിരാകാശ ദൗത്യങ്ങളിലും ജിം ലോവൽ ഭാഗമായിരുന്നു.