കൊച്ചി : കൊച്ചി നഗരത്തിലെ കനാലുകൾ സിംഗപ്പൂർ മാതൃകയിൽ നവീകരിക്കാനുള്ള ബൃഹത്തായ പദ്ധതി ആസൂത്രണത്തിൽ . നഗരത്തിൻറെ മുഖച്ഛായ മാറ്റാൻ ലഷ്യമിടുന്നതാണ് കനാൽ നവീകരണ പദ്ധതി.
ഇൻറർഗ്രേറ്റഡ് അർബൻ റീജനെറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം എന്ന പേരിലാണ് ഈ പദ്ധതി .സംസ്ഥാന സർക്കാരിന്റെ കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള വാട്ടർ അതോറിറ്റിയും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്.
മലിനമാക്കപ്പെട്ട കനാലുകൾ വൃത്തിയാക്കി, ആഴം കൂട്ടി പുനരുദ്ധരിച്ച് കനാലുകളുടെ തീരങ്ങൾ മനോഹരമാക്കി വെനീസ്, ആംസ്റ്റർഡാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേതുപോലെ മാറ്റുകയാണ് പദ്ധതി.
വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുന്ന 3716.10 കോടി രൂപയുടെ പദ്ധതി പൂർത്തിയാകുന്നതോടെ ചില കാനാലുകളിലൂടെയുള്ള ഗതാഗതത്തിനും ചരക്കു നീക്കത്തിനും ഉപയോഗപ്പെടും .
കനാൽ തീരങ്ങൾ വിനോദ കേന്ദ്രങ്ങളായി മാറ്റുകയും കനാൽ കാഴ്ചകൾക്ക് സൗന്ദര്യം ഒരുക്കുകയും ചെയ്യും . മഴക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടുകൾക്ക് പരിഹാരം ഉണ്ടാക്കാനും കനാൽ നവീകരണ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് കനാൽ എന്നിവയാണ് നവീകരിക്കുന്നത് . എല്ലാ കനാലുകളും ആഴവും വീതിയും കൂട്ടി ഇരുവശത്തും നടപ്പാതകൾ നിർമിച്ച് മനോഹരമാക്കും.
ഇടപ്പള്ളി, ചിലവന്നൂർ കനാലുകളിലാണ് ബോട്ട് സർവ്വീസ് ആദ്യഘട്ടത്തിൽ തുടങ്ങുക. മാർക്കറ്റ് കനാൽ നവീകരണ പ്രവർത്തികൾ ഉടൻ ആരംഭിക്കും.
ഇടപ്പള്ളി കനാൽ ഗതാഗതയോഗ്യമാക്കുന്നതോടെ മുട്ടാർ മുതൽ ചിത്രപ്പുഴവരെയുള്ള 11.50 കിലോമീറ്റർ ദൂരത്ത് ബോട്ട് സർവ്വീസ് ആരംഭിക്കാനാകും.
പാടിവട്ടം പൈപ്പ്ലൈൻ പാലം മുതൽ വെണ്ണല വരെയുള്ള കനാലിൻറെ സൗന്ദര്യവത്കരണമാണ് ലോകോത്തര മാതൃകയിൽ നടപ്പിലാക്കുക . രാജ്യത്തെ ഏറ്റവും വലിയ മിയാവാക്കി വനവത്കരണം ഈ ഭാഗത്തു നിർമ്മിക്കും . നിലവിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
വൈറ്റില-തേവര റൂട്ടിൽ വാട്ടർ മെട്രോ സർവ്വീസ് തുടങ്ങുമ്പോൾ ഗതാഗതയോഗ്യമായ ചിലവന്നൂർ കനാലിലൂടെ എളംകുളം മെട്രോയുമായും ബന്ധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു . ചിലവന്നൂർ കനാൽ തീരം സൗന്ദര്യവൽക്കരിച്ച് വാട്ടർസ്പോട്സ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്താനും കൊച്ചിക്ക് മറ്റൊരു മറൈൻഡ്രൈവ് കൂടി ഒരുക്കാനുള്ള ഒരുങ്ങുന്നത്.