ദില്ലി: ദില്ലിയിൽ മതിൽ ഇടിഞ്ഞ് 8 പേർ മരിച്ചു. ഹരി നഗറിൽ ആണ് മതിൽ ഇടിഞ്ഞു വീണത്.സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഹരിനഗറി ൽ ആക്രി പൊറുക്കി ജീവിക്കുന്നവർ താമ സിക്കുന്ന കുടിലുകൾക്കു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കോൺക്രീറ്റുകൾക്കിടയിൽ കുടുങ്ങിയ എട്ടുപേരെ രക്ഷപ്പെടുത്തി. 4 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിലാണ് മതിലിടിഞ്ഞ് വീണത്. മരിച്ചവരിൽ 2 സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു.
അപകടമുണ്ടായെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മൂന്ന് ഫയർ ഫോഴ്സ് വാഹനങ്ങളും പോലീസും സ്ഥലത്തെത്തിയെന്ന് ഡൽഹി ഫയർ സർവീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 9.16ഓടെയാണ് അപകടത്തെപ്പറ്റിയുള്ള അറിയിപ്പ് ലഭിച്ചതെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തി ഇവരെ സഫ്ദർജങ് ആശുപത്രിയിലും എയിംസിലുമെത്തിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഇവർ മരണപ്പെടുകയായിരുന്നു. മതിൽ ഇടിയാനുള്ള കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല.
ഷബീബുൽ (30), റബീബുൽ (30), മുത്തു അലി (45), റുബീന (25), ഡോളി (25), ഹഷീബുൽ, റുക്സാന (6), ഹസീന (7) എന്നിവരാണ് മരണപ്പെട്ടത്.
ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മഴ ശനിയാഴ്ചയും തുടർന്നു. ഇന്ന് ഡൽഹിയിൽ റെഡ് അലർട്ടാണ്.