ബെംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. വോട്ടർ പട്ടിക ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്പദമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും അദ്ദേഹം വിമർശിച്ചു. ബെംഗളുരുവിൽ നടന്ന ‘വോട്ട് അധികാർ റാലി’യിൽ ഭരണഘടന ഉയർത്തിയായിരുന്നു രാഹുലിന്റെ വിമർശം. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവർ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു.
ഒരു കോടി വോട്ടുകളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി പോൾ ചെയ്തത്. വോട്ടർ പട്ടിക ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിക്കുകയാണ് ചെയ്തത് എന്നും ഒരു വോട്ടർ എങ്ങനെ പല സംസ്ഥാനങ്ങളിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ആവർത്തിച്ച് ചോദിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു കർണ്ണാടക തെരഞ്ഞെടുപ്പ് കമ്മീഷനിലേയ്ക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഉന്നയിച്ചത്.