കൊച്ചി: സ്വതന്ത്രഭാരതത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്പീക്കർ ആയിരുന്ന എൽ.എം പൈലിയുടെ നാമധേയത്തിൽ ചെയർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് സെൻ്റ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാ. ആൻ്റണി തോപ്പിലിന് നിവേദനം നൽകി.
1938-ൽ രൂപീകരിക്കപ്പെട്ട കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു എൽ.എം പൈലി. ആദ്യമായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തെ ഐക്യകണ്ഠേന സ്പീക്കറായി തിരഞ്ഞെടുക്കയായിരുന്നു. തുടർന്ന് 1948-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ചേരാനല്ലൂരിൽ നിന്നും മത്സരിച്ച് വിജയിക്കുകയും വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1951-ൽ സി കേശവൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി നിയോഗിതനാവുകയും ചെയ്തു.1946ൽ എറണാകുളത്ത് ആരംഭിച്ച സെന്റ് ആൽബർട്ട്സ് കോളെജിന്റെ പ്രഥമ പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. എറണാകുളം കേന്ദ്രമാക്കി ഒരു സർവ്വകലാശാല എന്നത് അദ്ദേഹത്തിന്റെ വലിയസ്വപ്നമായിരുന്നു. കൊച്ചി സർവ്വകലാശാലയുടെ സംസ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടവയാണ്.
കേരളത്തിനും ഇന്ത്യക്കും പ്രത്യേകിച്ച് കൊച്ചി സർവകലാശാലയ്ക്കും സെൻ്റ് ആൽബർട്ട്സ് കോളജിനും അദ്ദേഹം നൽകിയ സംഭാവന അവിസ്മരണീയമാണ്. സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് ഏറെ ബഹുമാന്യനായ എൽ. എം പൈലിയുടെ സ്മരണാർത്ഥം ആൽബർട്ട്സ് കോളേജിന്റെ സ്വയംഭരണ പദവി ഉപയോഗിച്ചുകൊണ്ട് “Holistic Development of Kochi” എന്ന വിഷയത്തിൽ ചെയർ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം . കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി വൈസ് പ്രസിഡൻ്റ് അക്ഷയ് അലക്സ്,വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ് അരുൺ വിജയ്,സെക്രട്ടറി ഫെർഡിൻ ഫ്രാൻസിസ്, എഡ്യൂക്കേഷൻ ഫോറം കൺവീനർ ജോമോൻ ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു.