വൈപ്പിൻ: വൈപ്പിൻ എടവനക്കാട് കടൽഭിത്തി വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഉടൻ തന്നെ ജില്ലാ കളക്ടർ യോഗം വിളിക്കണം എന്ന് നിർദ്ദേശിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കി. ചീഫ് ജസ്റ്റിസിൻറെ ബെഞ്ചിൽ നിലവിലുള്ള പൊതു താൽപര്യ ഹർജിയിലാണ് ഉത്തരവ്.
ഷെറി ജെ തോമസ്സിന്റെ നേതൃത്വത്തിൽ എടവനക്കാട് നിവാസികൾ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ജില്ലാ കലക്റ്റർ സ്റ്റേറ്റ് സെക്രട്ടറി ഇറിഗേഷൻ ഡിപ്പാർട്ടമെന്റ് കൊച്ചിൻ ഹാർബർ ഡിപ്പാർട്ടമെന്റ് തുടങ്ങി പതിനാറോളം പേർ ഉത്തരവാദികളായിട്ട് ആണ് ഹർജി നല്കപ്പെട്ടിരിക്കുന്നത്. ഉടൻ തന്നെ കളക്റ്ററുടെ നേതൃത്വത്തിൽ ഉത്തരവാദപ്പെട്ട എല്ലാ ഡിപ്പാർട്ടമെന്റ് പ്രതിനിധികളുമായും ഹർജിക്കാരുടെ പ്രധിനിധി ആയി ശ്രീ ഷെറി ജെ തോമസും ഒരുമിച്ചു ചേർത്ത് യോഗം വിളിച്ചു കൂട്ടണം എന്നും യോഗ തീരുമാനങ്ങൾ ബഹുമാനപ്പെട്ട കോടതിയെ അറിയിക്കണം എന്ന് ഉത്തരവിൽ ഉണ്ട്. ഏതെങ്കിലും കാരണവശാൽ ഇതിൽ അസൗകര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും അറിയിക്കണം എന്നും ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. എടവനക്കാട് നിവാസികൾക്ക് ആശ്വാസം നൽകുന്നതാണ് കോടതിയുടെ ഈ ഇടപെടലും ഇടക്കാല ഉത്തരവും.