ന്യൂഡൽഹി: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി. 2025 സെപ്റ്റംബർ 22 നും ഒക്ടോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹിക വിരുദ്ധരിൽ നിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ട് എന്ന മുന്നറിയിപ്പിനെ തുടർന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങൾ, എയർ സ്ട്രിപ്പുകൾ, ഹെലിപാഡുകൾ, ഫ്ളൈയിങ് സ്കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബി.സി.എ.എസിന്റെ നിർദേശമെന്ന് ദേശീയ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക പൊലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, ഇന്റലിജൻസ് ബ്യൂറോ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി അടുത്ത ബന്ധം പുലർത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബി.സി.എ.എസ് നിർദേശിച്ചിട്ടുണ്ട്.
എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണമെന്നും എല്ലാ സിസി ടിവി സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്നും അവ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സുരക്ഷാ ഏജൻസി ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ്, വിമാനത്താവളങ്ങൾ, എയർ ലൈനുകൾ എന്നിവയുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും ഈ നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാന കമ്പനികൾക്കെല്ലാം ഈ നിർദേശം ഒരുപോലെ ബാധകമാണ്.
വാണിജ്യ വിമാനങ്ങളിൽ കയറ്റുന്നതിന് മുമ്പ് എല്ലാ കാർഗോകളും തപാലുകളും കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. ലക്ഷ്യസ്ഥാനം പരിഗണിക്കാതെ എല്ലാ വിമാനത്താവളങ്ങളിലും പാഴ്സലുകൾക്ക് കർശനമായ സ്ക്രീനിങ് നിർബന്ധമാണെന്നും സുരക്ഷാ ഏജൻസിയുടെ നിർദേശത്തിൽ
പറയുന്നു.