തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപ്രതിയിൽ ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്നു വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്. ഹാരിസ് അവധിയിൽ. ശനിയാഴ്ചയാണ് ഹാരിസ് അവധിയിൽ പ്രവേശിച്ചത്.
സ്വകാര്യ ആശുപ്രതിയിൽ ഡോക്ടറെ കൺസൽറ്റ് ചെയ്ത ഡോ. ഹാരിസ് ഇന്നോ നാളെയോ ജോലിയിൽ തിരികെ പ്രവേശിക്കുമെ ന്നാണു വിവരം. കടുത്ത മാനസിക സമ്മർദമാണ് അവധിക്കു കാരണമെന്നാണു ബന്ധുക്കൾ പറയുന്നത്. യൂറോളജി വകുപ്പിലെ ഒരു ഉപകരണത്തിന്റെ ഭാഗം കാണാതായെന്നു വിദഗ്ധസമിതി റിപ്പോർട്ടിലുണ്ടെന്നു മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ.ഹാരിസ് നിറകണ്ണുകളോ ടെയാണു വിശദീകരണം നടത്തിയത്.
കാണാതായെന്നു പറയുന്ന ഉപകരണം ആശുപത്രിയിലുണ്ടന്ന് അറിയിച്ച അദ്ദേഹം കൂടുതൽ സംസാരിക്കാൻ സാധിക്കാതെ പിന്മാറുകയായിരുന്നു. തുടർന്ന് വൈകിട്ടാണ് ഉപകരണത്തെക്കുറിച്ചു കൂടുതൽ വിശദീകരിച്ചത്. മന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഡോ.ഹാരിസിനെതിരെ സർക്കാരിനെ അനുകൂലിക്കുന്ന ചിലർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അവധി എടുത്തത്.
ഉപകരണത്തിന്റെ ഭാഗം കാണാതായ സംഭവത്തെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥ് നടത്തുന്ന അന്വേഷണം പൂർത്തിയായിട്ടില്ല. എല്ലാ സ്റ്റോക്ക് റജിസ്റ്ററുകളും പരിശോധിച്ച ശേഷമാണോ ഉപകരണത്തിന്റെ ഭാഗം കാണാനില്ലെന്നു വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തതെന്ന സംശയം ശേഷിക്കുന്നുണ്ട്. അതുകൂടി നോക്കിയ ശേഷമേ ഡിഎംഇ കൂടുതൽ പരിശോധനയിലേക്കു കടക്കൂ എന്നാണു വിവരം.