തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവില്‍ മുതിർന്ന സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക വിമര്‍ശനം. രാഷ്ട്രീയ സാഹൂഹ്യ സാംസ്കാരിക മേഖലയില്‍ നിന്നുള്ള നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും അടൂരിന് എതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മലയാള സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനായി സംഘടിപ്പിച്ചതാണ് കോൺക്ലേവ് .സമാപന ചടങ്ങിലാണ് അടൂരിന്റെ വിവാദ പ്രയോഗങ്ങൾ .പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനം.
വെറുതെ പണം നല്‍കരുതെന്നും പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണമെന്നും അടൂര്‍ ഗോപാല കൃഷ്ണന് പറഞ്ഞു. സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ ഫണ്ട് നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ടു കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം. എന്ന ഒറ്റവരി കുറിപ്പാണ് ആര് ബിന്ദു പങ്കുവച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. അടൂരിന് എതിരെ സര്‍ക്കാരിനകത്തും പ്രതിഷേധം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.