കൊല്ലം : ഇന്ത്യയിൽ ഇപ്പോഴു ണ്ടായ ക്രൈസ്തവ വേട്ട ഒറ്റപ്പെട്ടതല്ലെന്നും സന്യസ്തർക്കെതിരേ കേസെടുത്തതും അന്യായ വകുപ്പുകൾ എഴുതിച്ചേർത്തത് പൊലീസ് അല്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി. കെആർ എൽസിബിസി റിലീജിയസ് കമ്മിഷന്റെയും കൊല്ലം രൂപതയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം തീവ്ര ഹിന്ദുത്വവാദികളായ ബജ്റങ്ങൾ പ്രവർത്തകരുടെ ഇടപെടൽ നീതിന്യായ സംവിധാനത്തിന്റെ ആപൽകരമായ ദുരൂപയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമുദായത്തിനെതിരേയുള്ള അതിക്രമങ്ങൾക്ക് എതിരേ വിശ്വാസികളുടെ രോഷം അലയടിക്കുന്നതായിരുന്നു റാലി. വ്യക്തിപരമായ പീഡനങ്ങൾ ക്ഷമിക്കുമെങ്കിലും അപരനെതിരേ ഉണ്ടാകുന്ന അനീതികൾ ഏത് നിലയിലും ചെറുക്കുമെന്ന് അധ്യക്ഷനായ കൊല്ലം രൂപത ബിഷപ് ഡോ.പോൾ ആന്റെണി മുല്ലശ്ശേരി പറഞ്ഞു.
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തിന്റെ പേരിൽ അന്യായമായി കന്യാസ്ത്രീകളെ തടങ്കിലിട്ടതിനെതിരെ “നീതിപീഠമേ മിഴി തുറക്കൂ” എന്ന സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് കൊല്ലം രൂപത സംഘടിപ്പിച്ച പ്രതിഷേധ സംഗമം അക്ഷരാർത്ഥത്തിൽ കൊല്ലം പട്ടണത്തിൽ ശ്രദ്ധേയമായി. അനീതിക്കെതിരെ സംഘടിക്കു സംഘടിച്ച് സംഘടിച്ച് ശക്തരാകു എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന സംഗമം.
ഈ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് കൊല്ലം രൂപത മെത്രാൻ ഡോക്ടർ പോൾ ആന്റണി മുല്ലശ്ശേരിയുടെ വാക്കുകൾ “”എന്റെ കരണത്തടിച്ചാൽ ഞാൻ ക്ഷമിക്കും പക്ഷേ അന്യായമായി മറ്റൊരുത്തന്റെ കാരണത്തടിച്ചാൽ ഞാൻ പ്രതികരിക്കും””എന്ന വാക്കുകൾ സദസിന്റെ ഹർഷാരവം കൊണ്ട് മുഖരിതമായി.
എം പി പ്രേമചന്ദ്രൻ മഴയിലും തോരാത്ത വീര്യവുമായി കൊല്ലം പട്ടണത്തിൽ അണിചേർന്നു ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുകയും കൊല്ലം രൂപതയ്ക്ക് അനീതിക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കുന്ന ചരിത്രമുണ്ടെന്നും, ജാതി മത ഭേദമന്യേ ഒന്നായി അണിചേർന്നു ഭരണഘടനാ വിഭാവനം ചെയ്യുന്ന നീതിക്കായി പോരാടാൻ താനും ഒപ്പം ഉണ്ടെന്നു പ്രതിക്ഷേധത്തിൽ പങ്കെടുത്ത ഏവരോടും പറഞ്ഞു.
നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന യേശുദേവന്റെ വചനങ്ങൾ നെഞ്ചിലേറ്റിക്കൊണ്ട്, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യർക്ക് എന്ന ശ്രീനാരായണഗുരുദേവന്റെ വചനങ്ങൾ അന്വർത്ഥമാക്കാൻ, നീ ആഹാരം കഴിച്ചില്ലെങ്കിലും നിന്റെ അയൽക്കാരനെ കൊണ്ട് ആഹാരം കഴിപ്പിക്കണമെന്ന നബി തിരുമേനിയുടെ വചനങ്ങൾ അന്വർത്ഥമാക്കാൻ, ഈ രാജ്യത്തെ പൊതുസമൂഹത്തിന് സ്വാതന്ത്ര്യം തരണമേ ഭരണ നേതൃത്വമേ എന്നപേക്ഷിച്ചുകൊണ്ട് അന്യായത്തിനും അനീതിക്കും അഴിമതിക്കും എതിരെയുള്ള പോരാട്ടങ്ങൾ ഇനിയും തുടരണമെന്ന അഭ്യർത്ഥന ഈ പ്രതിഷേധ സംഗമത്തിൽ മുഴങ്ങി കേട്ടു.
യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് രൂപത വികാരി ജനറൽ ഫാ ബൈജു ജൂലിയൻ സംസാരിച്ചു. മേയർ ഹണി ബെഞ്ചമിനും റാലിയിൽ ഉടനീളം അനുധാവനം ബിന്ദു കൃഷ്ണയും കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ ജിജു അറക്കത്തറ, റിലീജിയസ് കമ്മീഷൻ സെക്രട്ടറി ഫാ മേരിദാസൻ, സി റോസ് ഫ്രാൻസിസ്, ശ്രീ അനിൽ ജോൺ ഫ്രാൻസിസ്, ഫാ ജോസ് സെബാസ്റ്യൻ എന്നിവരും യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കെഎസ്ആർടിസി സ്റ്റാൻഡി നു സമീപത്തു നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിനു വിശ്വാസികളും സന്യസ്തരും വൈദികരും അണിനിരന്നു. തുടർന്ന് ചിന്നക്കട ബസ് ബേയിലായിരുന്നു പ്രതിഷേധ സംഗമം. പരിപാടികൾക്ക് ഫാ. ജോളി ഏബ്രഹാം, ലെസ്റ്റർ കാർഡോസ്, മിൽട്ടൻ സ്റ്റീഫൻ, സാജു കുരിശിങ്കൽ, ബെയ്സിൽ നെറ്റാർ, വിൻസി ബൈജു, വൽസല ജോ യി, ഫാ. ജോ സെബാസ്റ്റ്യൻ, ഇ. എമേഴ്സൺ, ജാക്സൺ ഫ്രാൻസിസ്, യോഹന്നാൻ ആന്റണി, എ.ജെ. ഡിക്രൂസ്, ജോർജ് എഫ്. സേവ്യർ എന്നിവർ നേതൃത്വം നൽകി.