വത്തിക്കാൻ സിറ്റി: “ഒരുപാട് പ്രതീക്ഷകൾ കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.” ലളിതമായ ഈ വാക്കുകളിൽ അലപ്പോയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി പള്ളിയുടെ സഹ വികാരിയായ ബ്രദർ ജോർജ് ജലൂഫ് യുദ്ധഭൂമിയുടെ ഇപ്പോഴത്തെ വേദന നിറഞ്ഞ സാഹചര്യങ്ങൾ പങ്കുവച്ചു. 2011-ൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം മൂലം യൂറോപ്പിൽ കുടുംബങ്ങളോടൊപ്പം അഭയാർത്ഥികളായി എത്തിയ ചില യുവാക്കളോടൊപ്പമാണ് അദ്ദേഹം തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്.
സിറിയയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ ജൂബിലി ആഘോഷങ്ങൾക്ക് വന്നെത്തുക അസാധ്യമാണ്, അതിനാൽ അവരുടെ സ്വപ്നങ്ങളാണ് ഞങ്ങൾ സാക്ഷാത്ക്കരിക്കുന്നതെന്നും, ബ്രദർ പറഞ്ഞു. സിറിയയിലെ കുട്ടികൾ താൻ റോമിലേക്ക് പുറപ്പെടുന്നതിനു മുൻപായി, തങ്ങൾക്കുവേണ്ടി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കണമെന്നും, വിശുദ്ധ വാതിൽ കടക്കുമ്പോൾ തങ്ങളെയും ഓർക്കണമേ എന്ന് പറഞ്ഞതായും വേദനയോടെ ബ്രദർ അനുസ്മരിച്ചു. അകലെയാണെങ്കിലും പോലും സിറിയയിലെ യുവജനങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലെപ്പോയിൽ സ്ഥിതി താരതമ്യേന ശാന്തമാണെങ്കിലും, ഡമാസ്കസിലെ സമീപകാല ആക്രമണങ്ങൾക്ക് ശേഷം, വിശ്വാസികളുടെ ഹൃദയത്തിൽ വീണ്ടും ഭയം കടന്നുകൂടിയെന്നും, കുർബാനയ്ക്കിടെ പോലും സുരക്ഷ വർദ്ധിപ്പിക്കേണ്ട സ്തുതിയാണ് ഉടലെടുത്തിരിക്കുന്നതെന്നും അദ്ദേഹം പങ്കുവച്ചു. ഏകദേശം 1,200 വിശ്വാസികളുള്ള സമൂഹമാണ് അലെപ്പോയിലെ വിശുദ്ധ ഫ്രാൻസിസ് അസീസി ഇടവക.
“കർത്താവ് നമ്മോടൊപ്പമുണ്ട്. പ്രത്യാശ നിരാശപ്പെടുത്തുന്നില്ല. നമ്മൾ കണ്ടുമുട്ടുന്നവർക്ക് എല്ലാ ദിവസവും ആ പ്രത്യാശയായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു” ഈ ഉറപ്പാണ് താൻ തിരികെ സിറിയയിലേക്ക് പോകുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.