സമ്പാളൂർ: ചത്തീസ്ഗഡിലെ ദുർഗിൽ അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസമൂഹത്തിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരെ മനുഷ്യക്കടത്ത് ആരോപിച്ച് കള്ളക്കേസിൽ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ സമ്പാളൂർ വി. ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ യുവജന സമിതിയുടെ നേതൃത്വത്തിൽ, ശക്തമായ പ്രതിഷേധമുയർത്തി .
ഇടവക സമൂഹം മുഴുവൻ പ്രതിഷേധത്തിൽ പങ്കെടുത്തു . സമ്പാളൂർ ഇടവക വികാരി ഡോ. ജോൺസൻ പങ്കേത്ത്, അധ്യക്ഷത വഹിച്ചു. KRLCBC യൂത്ത് ഡയറക്ടർ ഫാ .അനൂപ് കളരിത്തറ osj പ്രതിഷേധസമര ജ്വാലയ്ക്ക് തിരി കൊളുത്തി. ക്രൈസ്തവമക്കളുടെ നിശബ്ദ സേവനത്തെ, ആരും കടന്നുചെല്ലാൻ മടിക്കുന്ന നിസ്സഹായരായ മക്കൾക്കായി തങ്ങളുടെ ജീവിതത്തെ നല്കിയ സമർപ്പിതർക്കെതിരെയുള്ള, ഭരണകൂട്ടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഈ അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വികാരി ഡോ. ജോൺസൻ പങ്കേത്ത് പറഞ്ഞു .
സഹവികാരി ഫാ. റെക്സൻ പങ്കേത്ത് ക്രൈസ്തവരോടുള്ള ഈ അവഗണനയെ അപലപിച്ചു സംസാരിച്ചു. സി . ചൈതന്യ CSST, ഡോട്ടേഴ്സ് ഒഫ് ഡിവൈൻ സീൽ കോൺവെന്റ് സിസ്റ്റേഴ്സ്, മെർച്ചദാരിയൻ സിസ്റ്റേഴ്സ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈൻ അവരേശ്, കേന്ദ്ര സമിതി പ്രസിഡന്റ് ശ്രീ ജോമോൻ പിൻഹീരോ, യുവജന സമിതി കൺവീനർ സ്റ്റീവ് പെരേര എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി. വിശ്വാസ പരിശീലകർ, പാരിഷ് കൗൺസിൽ അംഗങ്ങൾ കേന്ദ്രസമിതി കുടുംബയൂണിറ്റ് അംഗങ്ങൾ, ശുശ്രൂഷ സമിതി അംഗങ്ങൾ, വിവിധ സംഘടനകൾ,, ഇടവക മക്കളും, നാനാ ജാതി സമൂഹവും ഈ പ്രതിഷേധ പ്രകടനത്തിന് സന്നിഹിതരായി.