കൊച്ചി: നടൻ കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. ചെക്കൗട്ട് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് റൂം ബോയ് പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്.
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്ക്രീനിലും സിനിമയിലും എത്തുന്നത്. കലാഭവൻ മിമിക്രി മലയാളികൾക്ക് അദ്ദേഹത്തെ സുപരിചിതനാകുന്നത്. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മാട്ടുപ്പെട്ടി മച്ചാൻ, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
നടി രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്വാൻ, റിഹാൻ. നാടക ചലച്ചിത്ര നടനായനടനായിരുന്ന അബൂബക്കറിൻറെ മകനായി വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്.