വത്തിക്കാൻ: മദ്ധ്യപൂർവ്വദേശത്ത് നീതിപൂർവ്വകവും ശാശ്വതവുമായ സമാധനത്തിനുള്ള പ്രായോഗികവും ഉചിതവുമായ ഏക മാർഗ്ഗം ഇസ്രായേലിൻറെയും പലസ്തീൻറെയും സുരക്ഷിതവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ അതിർത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരമാണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.
ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിൻറെ സമാധാനപരമായ പരിഹാരം, ദ്വിരാഷ്ട്ര പരിഹൃതിയുണ്ടാക്കൽ എന്നിവയ്ക്കായുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിൻറെ ജൂലൈ 28-30 വരെ അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ നടന്ന പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.
ശക്തിയാണ് സമാധാനത്തിനുള്ള മുൻവ്യവസ്ഥയെന്ന് പലപ്പോഴും കരുതുന്ന ഒരു കാലഘട്ടത്തിൽ, ഈ സമ്മേളനം, ക്ഷമയോടുകൂടിയതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംഭാഷണത്തിലൂടെ മാത്രമേ നീതിയുക്തവും നിലനിൽക്കുന്നതുമായ സംഘർഷ പരിഹാരം കൈവരിക്കാൻ കഴിയൂ എന്നതിൻറെ ഒരു തീവ്രമായ ഓർമ്മപ്പെടുത്തലായി പരിണമിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
ദ്വിരാഷ്ട്രപരിഹാരമെന്ന വീക്ഷണത്തെ പിന്തുണയ്ക്കുന്നതായ നടപടികൾ പരിശുദ്ധസിംഹാസനം ഇതിനകം സ്വീകരിച്ചിട്ടുള്ളത് അനുസ്മരിച്ച ആർച്ചുബിഷപ്പ് കാച്ച 1993 ലെ മൗലിക ഉടമ്പടിയിലൂടെ ഇസ്രായേൽ രാഷ്ട്രത്തെയും 2015 ലെ സമഗ്ര കരാറിലൂടെ പലസ്തീൻ രാഷ്ട്രത്തെയും പരിശുദ്ധസിംഹാസനം ഔദ്യോഗികമായി അംഗീകരിച്ചത് ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാട്ടി.
സ്വയം നിർണ്ണയാവകാശം ഉൾപ്പെടെയുള്ള പലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾ പരിശുദ്ധസിംഹാസനം ഉയർത്തിപ്പിടിക്കുന്നുവെന്നും സ്വതന്ത്രവും പരമാധികാരവുമായ ഒരു രാഷ്ട്രത്തിനുള്ളിൽ സ്വാതന്ത്ര്യത്തിലും സുരക്ഷയിലും അന്തസ്സിലും ജീവിക്കാനുള്ള അവരുടെ ന്യായമായ അഭിലാഷങ്ങളെ പരിശുദ്ധ സിംഹാസനം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവവരും യഹൂദരും മുസ്ലിംങ്ങളും ഒരുപോലെ വിശുദ്ധ നഗരമായി കരുതുന്ന ജറുസലേമിന് രാഷ്ട്രീയ വേർതിരിവുകളെ ഉല്ലംഘിക്കുന്നതും അതിൻറെ അദ്വിതീയമായ തനിമ കാത്തുപരിപാലിക്കുന്നതുമായ പദവി ആവശ്യമാണെന്നും ആർച്ചുബിഷപ്പ് കാച്ച വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഭീകരാക്രമണത്തെ പരിശുദ്ധസിംഹാസനം ശക്തമായി അപലപിച്ചത് അനുസ്മരിച്ച അദ്ദേഹം ഭീകരപ്രവർത്തനത്തിന് ഒരിക്കലും ന്യായികരണമില്ലെന്ന് പ്രസ്താവിച്ചു. നിശ്ചിതപരിധിക്കുള്ളിലും ആനുപാതികമായും സ്വയംപ്രതിരോധിക്കാനുള്ള അവകാശം പരിശുദ്ധസിംഹാസനം അംഗീകരിക്കുന്നുവെന്ന വസ്തുത ആർച്ചുബിഷപ്പ് കാച്ച അനുസ്മരിക്കുകയും ഗാസാമുനമ്പിലെ മാനാവികാവസ്ഥ വഷളായിക്കൊണ്ടിരിക്കുന്നതിൽ പരിശുദ്ധസിംഹാസനത്തിനുള്ള ആശങ്ക വെളിപ്പെടുത്തുകയും ചെയ്തു.