വിജയപുരം: ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തനം നടത്തുന്ന രണ്ടു കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തടവിലാക്കിയതും ജാമ്യം നിഷേധിച്ചതും മഹത്തായ ഭാരത സംസ്കാരത്തിനേറ്റ വലിയ മുറിവാണെന്നു വിജയപുരം രൂപതയുടെ വൈദിക സമ്മേളന ത്തിൻ്റെയും രൂപതാ പാസ്റ്ററൽ കൗൺസിലിൻ്റെയും പ്രീസ്റ്റ്സ് കൗൺസിലിൻ്റെയും സംയുക്ത സമ്മേളനം പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ഈ മിഷനറിമാരെ മത പരിവർത്തനം നടത്തുന്നവർ എന്ന് ആക്ഷേപിക്കുന്നതു തികച്ചും വേദനാജനകമാണ്.
എത്രയും വേഗം നീതി നടപ്പാക്കണമെന്നും കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തീരുമാനിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
തീർത്തും അന്യായമായ ഈ സംഭവത്തിലുള്ള വിജയപുരം രൂപതയുടെ ശക്തമായ പ്രതിക്ഷേധം സമ്മേളനം രേഖപ്പെടുത്തി. ബിഷപ്പ് സെബാസ്ററ്യൻ തേക്കെത്തെചേരിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽപറമ്പിൽ, ഫാ.വർഗീസ് കോട്ടക്കാട്ട്, ഫാ .അജി ചെറുകാക്രാഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു.