പുസ്തകം / ഷാജി ജോര്‍ജ്
1985 മെയ് 21ന് ഈ ലോകത്തോട് വിടവാങ്ങിയ സിസ്റ്റര്‍ മേരി ബനീഞ്ഞ മെല്ലെ മെല്ലെ നമ്മുടെ ഓര്‍മകളില്‍ നിന്ന് മായുകയാണ്. ചില പാഠപുസ്തകങ്ങളില്‍ സിസ്റ്ററിന്റെ കവിതകളുടെ സാന്നിധ്യമുണ്ടെന്നത് വിസ്മരിക്കുന്നില്ല. മിസ്റ്റിക് കവി സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ വിയോഗത്തിന്റെ 40-ാം വാര്‍ഷികത്തില്‍ സിസ്റ്ററിനെ ഓര്‍ക്കാന്‍ ഒരു പുസ്തകം കാരണമായി. 2014ല്‍ പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ഡോ. നോയല്‍ റോസിന്റെ ‘സ്ത്രീയും ആത്മീയതയും.’
സ്ത്രൈണ ആത്മീയതയൊന്നും ആവേശപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടാതിരുന്ന കാലത്താണ് സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതം.
മേരി ജോണ്‍ തോട്ടം എന്ന പേരില്‍ പൂര്‍വ്വാശ്രമത്തിലും സന്ന്യാസാശ്രമത്തിലും സാഹിത്യപ്രവര്‍ത്തനം നടത്തിയ, മലയാള സാഹിത്യത്തിലെ ഏക കാവ്യവ്യക്തിത്വം എന്ന അപൂര്‍വത ബനീഞ്ഞാമ്മയ്ക്കുണ്ട്. ബനീഞ്ഞാമ്മ എന്ന വാക്ക് പെരുമ്പടവം ശ്രീധരനില്‍ നിന്ന് പലവുരു കേട്ടിട്ടുണ്ട്. തന്റെ വാത്സല്യനിധിയായ അധ്യാപികയോടുള്ള മുഴവന്‍ സ്നേഹവും പ്രകടമാക്കുന്നതാണ് ബനീഞ്ഞാമ്മ എന്ന അദ്ദേഹത്തിന്റെ പറച്ചില്.
സ്ത്രീയും ആത്മീയതയും എന്ന പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് ഡോ. സ്കറിയ സക്കറിയയാണ്.
മതചിന്തയില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതമായ അറിവുകളോടും അധികാരഘടനയോടും സ്വജീവിതകാലത്തു മല്ലടിച്ച സ്ത്രീകള്‍ ഇന്നു കൂടുതല്‍ സമാദരണീയരായിത്തീരുന്നു. ബനീഞ്ഞാമ്മയും നോയല്‍ സിസ്റ്ററും ഉള്‍പ്പെടുന്ന കത്തോലിക്കസഭയില്‍ പുരുഷന്മാരുടെ അറിവുശൃംഖലയോടും അധികാരശൃംഖലയോടും മല്ലിട്ടുനിന്നിരുന്ന സീയന്നായിലെ കാതറേയ്നേയും (1347 – 1382) ആവിലായിലെ ത്രേസ്യായേയും (അമ്മത്രേസ്യാ 1515 – 1582) നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ട് 1970-ല്‍ സഭയിലെ വേദപണ്ഡിതരായി പ്രഖ്യാപിച്ചു. ഇതു വിധി യന്ത്രത്തിന്റെ തിരിപ്പ്. ഇങ്ങനെ പെണ്ണറിവിനും പെണ്ണുടലിനും പുതിയ കാലഘട്ടത്തിലുണ്ടാവുന്ന ജ്ഞാനപരമായ മാറ്റങ്ങള്‍ ഗൗനിച്ച് ബനീഞ്ഞാക്കവിത പുനരവലോകനം ചെയ്യാനുള്ള ശ്രമം തികച്ചും സമാദരണീയമാണ്.
തമസ്ക്കരിക്കപ്പെട്ട അറിവുകള്‍ എന്ന മട്ടിലായിരിക്കും ചിലര്‍ ഇതിനെ കാണുന്നത്. മറ്റൊരു സാധ്യതയാണ് എനിക്കു സൂചിപ്പിക്കാനുള്ളത്. പുതിയ രീതിശാസ്ത്രം – ആശയാവലികളും സങ്കല്പനങ്ങളും സിദ്ധാന്തങ്ങളും ബനീഞ്ഞാക്കവിതയിലേക്ക് പുതുവെളിച്ചം ചൊരിയുന്നു. (അവതാരികയില്‍ നിന്ന്)
അഞ്ച് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. വനിതാദൈവശസ്ത്രത്തിന്റെ സൈദ്ധാന്തിക പശ്ചാത്തലം, സ്ത്രീവാദവും ക്രൈസ്തവ പാരമ്പര്യങ്ങളും, സ്ത്രീയും ആത്മീയതയും മലയാള സാഹിത്യ പാരമ്പര്യങ്ങള്‍, സ്ത്രൈണ ആത്മീയത ബനീഞ്ഞാക്കവിതകളില്, സ്ത്രൈണ ആത്മീയതയുടെ പ്രയോഗ മുഖം- ബനീഞ്ഞാക്കവിതകളില് എന്നീ ശീര്‍ഷകങ്ങളില്‍ അവ വിന്യസിച്ചിരിക്കുന്നു.
സിസ്റ്റര്‍ മേരി ബനീഞ്ഞായുടെ പ്രധാനവും പ്രസിദ്ധവുമായ കവിതകളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് കവിതയില്‍ അവര്‍ ഉപയോഗിക്കുന്ന അടിസ്ഥാനരൂപകം യാത്ര (ജേര്‍ണി)യുടേതാണെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. കവിയുടെ ഏറ്റവും പ്രസിദ്ധമായ കവിതയുടെ ശീര്‍ഷകം തന്നെ ‘ലോകമേ യാത്ര’ എന്നാണല്ലോ. ‘സായാഹ്നത്തിലെ ഏകാന്ത യാത്ര’യിലും ‘ആത്മാവിന്റെ സ്നേഹഗീത’യിലും ‘ലോകമേ യാത്ര’യിലു മെല്ലാം ‘യാത്ര’ എന്ന രൂപകം ഏറ്റവും ഫലപ്രദമായി അവര്‍ ഉപയോഗിക്കുന്നുണ്ട്. ‘യാത്രക്കാരന്’ എന്ന പേരിലുള്ള കവിതയും ശ്രദ്ധേയം.
‘നിത്യമാം സൗഭാഗ്യത്തില്‍ ചെന്നുചേരാനുള്ള യാത്രയാണീ ജീവിതം, സ്ഖലനം വന്നീടായ്വാന് അത്തലാം സുരക്ഷിതരഥത്തില് പോകുന്നതാണുത്തമം; യാത്രക്കാരാ, മാനുഷാ, ധരിച്ചാലും’ എന്ന് ‘മാഗി’യില്‍ കവിയത് നേരിട്ട് സംവദിക്കുന്നുമുണ്ട്.
”ഒരിക്കലീ ജഗത്തെയും ജഡത്തെയും പിരിഞ്ഞുനാം തിരിക്കണം, വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാല് കരത്തിലുള്ളതൊക്കെ നാമതിര്ത്തിയില് ത്യജിക്കണം”
(ലോകമേ യാത്ര, 1997-മ: 82)
ഒരിക്കലും തിരിച്ച് പഴയ സുരക്ഷിതത്വത്തിലേക്ക് വരാത്തതാണീ യാത്രയെന്ന് കവിക്ക് നന്നായറിയാം. അത്തരമൊരു യാത്രയ്ക്കുള്ള ധീരത കവിക്കുണ്ട്. ‘എങ്കിലും തപിക്കയല്ല മാനസം ദഹിക്കയാണ്’ എന്നാണ് കവിക്ക് പറയാനുള്ളത്.
ആത്മീയാനുഭൂതികളുടെ ആവിഷ്കാരമാണ് മിസ്റ്റിസിസം. മനുഷ്യചേതനയ്ക്ക് അതീതമായി നിലകൊള്ളുന്ന ഈശ്വരന്റെ അദമ്യമായ ശക്തിവിശേഷത്തെ ഭക്തിനിര്‍ഭരമായി ചിത്രീകരിക്കുക എന്നതാണ് മിസ്റ്റിസിസത്തില്‍ സംഭവിക്കുന്നത്. ജീവാത്മാപരമാത്മാബന്ധത്തെ പ്രതിരൂപങ്ങള്‍ വഴി ചിത്രീകരിക്കുകയാണ് മിസ്റ്റിസിസത്തിന്റെ കാതലായ വശം. ലൗകികമായ പ്രേമവും അലൗകികമായ പ്രേമവുമുണ്ട്. ഒരിടത്ത് രണ്ട് ദേഹങ്ങളുടെ ചേര്‍ച്ച നടക്കുമ്പോള്‍ മറ്റേടത്ത് ആത്മാക്കള്‍ തമ്മിലുള്ള അനശ്വരസംഗമം നടക്കുന്നു. ആത്മാവിന്റെ പ്രണയം ശാശ്വതമാണ്.
സിസ്റ്റര്‍ ബനീഞ്ഞാ ഒരു യഥാര്‍ത്ഥ മിസ്റ്റിക്കിന്റെ അവസ്ഥയിലേക്ക് യാത്രയായതിന്റെ ചരിതം സമഗ്രമായ പഠനത്തിലൂടെ സിസ്റ്റര്‍ ഡോ. നോയല്‍ റോസ് പുസ്തകത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.