കവർ സ്റ്റോറി / ബിജോ സില്‍വേരി
കുഞ്ഞുനാളിലേ ഹൃദയത്തില്‍ കുടിയേറിയ ചവിട്ടുനാടകത്തിന്റെ ഹരം അറുപതുകള്‍ പിന്നിട്ടിട്ടും ബ്രിട്ടോ വിന്‍സെന്റിനെ പിന്തുടരുകയാണ്. ഫോര്‍ട്ടുകൊച്ചി വെളിയില്‍ കുരിശിങ്കല്‍ വീട്ടില്‍ വിന്‍സെന്റ് പെഡ്രുവിന്റേയും ട്രീസാ വിന്‍സെന്റിന്റേയും മകനായി ജനിച്ച ബ്രിട്ടോ വിന്‍സെന്റ് പത്തു ചവിട്ടുനാടകങ്ങള്‍ രചിച്ചു. 500ല്‍ അധികം വേദികളില്‍ കാണികളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. നൂറുകണക്കിനു ശിഷ്യന്മാരുണ്ട് ബ്രിട്ടോ വിന്‍സെന്റിന്. സംഗീതനാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി എന്നിവയുടെ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. രചനയും സംവിധാനവും നിര്‍വഹിച്ച പൊന്തിയോസ് പിലാത്തോസ് എന്ന നാടകമാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ചവിട്ടുനാടകത്തിന്റെ എല്ലാ മേഖലകളിലും ബ്രിട്ടോ വല്ലഭന് തന്നെയാണ്. രചനയിലും സംവിധാനത്തിലും മാത്രമല്ല, ആലാപനം, സംഗീതം, ചമയം, പരിശീലനം, ഗവേഷണം എന്നിവയിലും സജീവമാണ്. കൊച്ചിന് ചവിട്ടുനാടക കളരിയുടെ സ്ഥാപകനാണ്.
ചവിട്ടുനാടകം കേരളത്തില്‍ ഗോതുരുത്ത്, തിരുത്തിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പാരമ്പര്യമായി കളിച്ചുവന്നിരുന്നത്. കൊച്ചിക്കാരനായ താങ്കള്‍ക്ക് ഈ കലയോട് ആഭിമുഖ്യം ഉണ്ടായതെങ്ങനെയാണ്?
ചവിട്ടുനാടകം ആദ്യകാലത്ത് കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍ എന്നീ തുറമുഖ പട്ടണങ്ങളിലാണ് പ്രചരിച്ചത്. അതില്‍ ചവിട്ടുനാടകത്തിന്റെ പ്രഭവ കേന്ദ്രം എന്ന് അറിയപ്പെടുന്നത് കൊച്ചി തന്നെയാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന കാലഘട്ടത്തില്‍ (1964 ല്‍ ആണ് ഞാന്‍ ജനിച്ചത്) ഫോര്‍ട്ടുകൊച്ചിയിലും പ്രാന്തപ്രദേശങ്ങളായ, പട്ടാളം, ഞാലിപ്പറമ്പ്, ചിരട്ടപ്പാലം, ഈരവേലി, ചക്കാമാടം, കരിപ്പാലം, ഫോര്‍ട്ടുകൊച്ചി വെളി, സെന്റ് ജോണ്‍പാട്ടം, നസ്രത്ത്, കിളിയംപാടം, കുറുപ്പത്ത്പറമ്പ്, തറേപ്പറമ്പ്, മാത്തൂട്ടിപറമ്പ്, കിഴക്കേ ഓടത്ത, പടിഞ്ഞാറെ ഓടത്ത (ഓടത്ത എന്ന പോര്‍ച്ചുഗീസ് വാക്കിന്റെ അര്‍ത്ഥം പൂന്തോട്ടം എന്നാണ്) എന്നിങ്ങനെ ഒരു ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപതിലധികം ചവിട്ടുനാടക സമിതികളും പ്രഗല്ഭരായ നിരവധി ചവിട്ടുനാടക കലാകാരന്മാരും സജീവമായി ചവിട്ടുനാടക രംഗത്ത് ഉണ്ടായിരുന്നു. അതിന്റെ എത്രയോ ഇരട്ടി, കലാകാരന്മാരും സമിതികളും ബീച്ച് റോഡു മുതല്‍ തെക്ക് ഓമനപ്പുഴ വരെയും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ചവിട്ടുനാടകങ്ങളുടെ കേളികൊട്ട് കേട്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ അപ്പന് ചവിട്ടുനാടകത്തോട് വളരെയേറെ താല്പര്യമുള്ള ആളായിരുന്നു. അപ്പന്റെ ഭൂരിപക്ഷം സുഹൃത്തുക്കളും ചവിട്ടുനാടക കലാകാരന്മാരായിരുന്നു. ഓര്‍മ്മ വെച്ചതുമുതല്‍ ഞായറാഴ്ചകളിലെ റിഹേഴ്സല്‍ ക്യാമ്പുകളില്‍ അപ്പനോടൊപ്പം മുടങ്ങാതെ പോകുമായിരുന്നു. ചവിട്ടുനാടകങ്ങളിലെ പ്രധാന നടന്മാരോട് എനിക്ക് കുഞ്ഞുനാള് തൊട്ടുതന്നെ വലിയ ആരാധനയായിരുന്നു.

എത്ര വയസുമുതല്‍ നാടകം കാണാനും പരിശീലിക്കാനും തുടങ്ങി?
ഓര്മ വെച്ചനാള് മുതല്‍ ചവിട്ടുനാടകങ്ങള്‍ കാണുന്നു എന്നു പറയുന്നതാണ് ശരി. വളരെ ചെറുപ്രായത്തില്‍ തന്നെ, റിഹേഴ്സല്‍ ക്യാമ്പില്‍ കണ്ട നാടകഭാഗങ്ങള്‍ സമപ്രായക്കാരോടൊപ്പം അഭിനയിച്ചു കളിക്കുമായിരുന്നു. പതിനാറാം വയസില്‍ ആശാന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. ചവിട്ടുനാടകത്തിനോട് കമ്പം ഉണ്ടായിരുന്നെങ്കിലും അവിചാരിതമായാണ് തട്ടില്‍ കയറേണ്ടി വന്നത്.
ആരൊക്കെയാണ് ഗുരുക്കന്മാര്? എത്രവര്‍ഷമായി ഈ രംഗത്ത് തുടരുന്നു?
കൊച്ചിയിലെ ഏറ്റവും പ്രഗല്ഭനായ, ജോസി വടക്കേവീടന്‍ ആശാനാണ് എന്നെ ചവിട്ടുനാടകം പരിശീലിപ്പിച്ചത്. പിന്നീട് കവിത്തങ്ങള്‍ പഠിപ്പിച്ചത്, ഈരവേലി പാഞ്ചോ ആശാന്, പറേക്കാട്ടില്‍ ജോസഫാശന് എന്നിവരാണ്. പ്രഗല്ഭരായ ചില ചവിട്ടുനാടക പ്രതിഭകളുടെ ശൈലികളും എന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. നാല്‍പ്പത്തി അഞ്ച് വര്‍ഷങ്ങളായി ഞാന്‍ ചവിട്ടുനാടക രംഗത്ത് സജിവമായി തുടരുന്നു. 1980 ഡിസംബര്‍ 28 ശനിയാഴ്ച, ഫോര്‍ട്ടുകൊച്ചി വെളിഗ്രൗണ്ടില്‍ ഇസിഡോര്‍ വകപ്പാടത്ത് രചിച്ച ‘സെന്റ് സെബാസ്റ്റ്യന്‍ ‘ ചവിട്ടുനാടകത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.
മറ്റ് തീയറ്റര്‍ ഫോമുകളില്‍ നിന്ന് ചവിട്ടുനാടകത്തെ വ്യത്യസ്തമാക്കുന്നത് എന്തെങ്കിലുമുണ്ടോ?
അമിതാഭിനയം ഒരു പ്രത്യേകതയല്ലേ?
ചവിട്ടുനാടകങ്ങളില് പ്രഥമപരിഗണന ചുവടുകള്‍ക്കാണ്. പിന്നെ ഗീതങ്ങള്‍ക്കും, ചുവടുകളിലൂടെയും ഗീതങ്ങളിലൂടെയുമാണ് ഓരോ കഥാപാത്രങ്ങളുടെയും, സ്വഭാവസവിശേഷതകളും, വികാര വിചാരങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ചവിട്ടുനാടകങ്ങളിലെ അഭിനയരീതിക്ക് സ്വഭാവികത വളരെ കുറവാണെന്നത് ശരിയാണ്. ഒരുതരം അമിതാഭിനയ രീതിയാണ് ചവിട്ടുനാടകങ്ങളില് പിന്തുടരുന്നത്. സംഭാഷണങ്ങള്‍ ചവിട്ടുനാടകങ്ങളില് കുറവായിരിക്കും. കൂടുതലും ഗീതങ്ങളിലൂടെ ആയിരിക്കും കഥാപാത്രങ്ങള്‍ ആശയവിനിമയം നടത്തുന്നത്.
ചവിട്ടുനാടകത്തിലെ താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നാടകം ഏതാണ്?
ഏതാണ് ഇഷ്ടപ്പെട്ട കഥാപാത്രം? ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം ഏതാണ്?
ചവിട്ടുനാടക ചരിത്രത്തിലെ, പ്രഥമവും, പ്രശസ്തവുമായ കാറള്‍മാന്‍ ചവിട്ടുനാടകം തന്നെയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ചവിട്ടുനാടകം. ഞാന്‍ രചന നിര്‍വഹിച്ച ചവിട്ടുനാടകങ്ങളില് ഏറ്റവും ഇഷ്ടം സാവൂള്‍ (വിശുദ്ധ പൗലോസ്) നാടകത്തോടാണ്. ഞാന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും ഇഷ്ടം കാറള്മാനിലെ റോളണ്ടാണ്. ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ജൂലിയസ് സീസറിലെ ക്യാഷ്യസ് എന്ന വില്ലന്‍ കഥാപാത്രമാണ്.

ഒരു അവതരണത്തിന് മുമ്പ് പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ?
ചവിട്ടുനാടകങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകാറില്ല. സംഘാടകര്‍ ആവശ്യപ്പെടുന്ന നാടകങ്ങള്‍ക്ക് വേണ്ടി ചിലപ്പോള്‍ ചില ഒരുക്കങ്ങള്‍ നടത്തേണ്ടതായി വന്നിട്ടുണ്ട്.
അവതരണങ്ങള്‍ക്കിടയില്‍ അവിസ്മരണീയമായ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ?
പതിനേഴ് വയസില്‍ താഴെയുള്ള കുട്ടികളെ അണിനിരത്തിയാണ് ജോസി ആശാന് ‘സെന്റ് സെബാസ്റ്റ്യന്‍’ നാടകം പരിശീലിപ്പിച്ചത്. ഞാനപ്പോള്‍ നാടകത്തില്‍ കളിക്കുന്നില്ല. അവതരണ തീയതി അടുത്തുവന്നപ്പോള്‍ ഒരു നടനെ അയാളുടെ വീട്ടുകാര്‍ പിന്തിരിപ്പിച്ചു. അതിന് പകരക്കാരനായി യാദൃശ്ചികമായാണ് ഞാനാ കളരിയില്‍ എത്തപ്പെട്ടത്. അപ്പോഴേക്കും ഏതാണ്ട് ഒന്നര വര്‍ഷത്തെ പരിശീലനം കഴിഞ്ഞിരുന്നു. ആശാന് എത്ര ശ്രമിച്ചിട്ടും ഞാന്‍ ശരിയാകുന്നുണ്ടായിരുന്നില്ല. എന്നെ ചവിട്ടുനാടകത്തിന് പറ്റില്ലെന്ന് ആശാന് തീര്‍ത്തു പറഞ്ഞു. എന്നാല്‍ അവതരണ തീയതി മാറ്റാന്‍ കഴിയാത്തതും കൊണ്ടും, ആ പ്രായത്തിലുള്ള മറ്റൊരു നടനെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടും, ഒടുവില്‍ എന്നെ വച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. അന്ന് ആ നാടകം കാണാന്‍ നേരത്തെ ആ നാടകത്തില്‍ അഭിനയിച്ചിരുന്ന സീനിയേഴ്സ് എല്ലാവരും വന്നിരുന്നു.(അവരെല്ലാം അതിപ്രഗല്ഭരായിരുന്നു.) അവതരണ ശേഷം, ഞാനന്ന് അവതരിപ്പിച്ച ഫാവിയൂസ് പ്രഭുവിന്റെ വേഷം ചെയ്തിരുന്ന ഈരവേലിക്കാരന് ചൗവരോ ആശാന് സ്റ്റേജിന്റെ പിന്നില്‍ വന്ന് എന്നെ കെട്ടിപിടിച്ചിട്ട് ആശാനോട് പറഞ്ഞു. ഈ ഫാവിയൂസിന്റെ വേഷത്തിനായി ഞാനിനി മേക്കപ്പിടില്ല. കാരണം, ഇവന് ഇന്ന് ചെയ്തത്പോലെ, എനിക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന്. എനിക്ക് ആദ്യമായി കിട്ടിയ പുരസ്കാരമായിരുന്നു അത്. അങ്ങനെ ഞാന്‍ ആശാന്റെ പ്രധാന ശിഷ്യനായി, ആശാന്റെ സന്തതസഹാചാരിയായി. ഇന്നത്തെ എന്റെ എല്ലാ വളര്‍ച്ചയ്ക്കും ആ സംഭവം ചവിട്ടുപടിയായി. ആശാന്റെ കീഴില്‍ മറ്റ് കുട്ടികള്‍ പരിശീലനം തടുങ്ങി ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒരു നടന് പിന്മാറുന്നതും ഞാന്‍ പകരക്കാരനായി ചെല്ലുന്നതും, ആ നാടകം പരിശീലിക്കാന്‍ എനിക്ക് രണ്ട് മാസം മാത്രമാണ് ലഭിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ കലാവിഷ്കാരത്തില്‍ കാലത്തിനനുസരിച്ച് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണ്?
ചവിട്ടുനാടകങ്ങളുടെ ആദ്യഭാഷ തമിഴായിരുന്നു. ലഭ്യമായ അറിവ് പ്രകാരം 1960 ന് ശേഷം മലയാളത്തില്‍ ചവിട്ടുനാടകങ്ങള്‍ എഴുതി തുടങ്ങി. ഫോര്‍ട്ടുകൊച്ചി സ്വദേശിയും, ആയൂര്‍വേദ വൈദ്യനുമായിരുന്ന വി. ജെ. ജോണ്മാസ്റ്ററാണ് ആദ്യത്തെ മലയാള ചവിട്ടുനാടകത്തിന്റെ രചയിതാവ് (നാടകം കാറള്‍മാന്‍) ആദ്യകാലങ്ങളില്‍ തുടര്‍ച്ചയായി മൂന്നും നാലും ദിവസങ്ങള്‍ നീണ്ടു നിന്ന ചവിട്ടുനാടകങ്ങള്‍ പീന്നീട് രണ്ട് ദിവസവും ഒരു ദിവസവുമായി ചുരുങ്ങി. ഇന്ന് രണ്ട് മണിക്കുര്‍ ദൈര്‍ഘ്യത്തില്‍ ചവിട്ടുനാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. സ്കൂള്‍ കലോല്‍സവത്തിലെ ചവിട്ടുനാടക അവതരണ സമയം ഇരുപത് മിനിറ്റാണ്. നടന് സ്വയം പാടി ചാടി ചവിട്ടിക്കളിക്കുന്നതാണ് ചവിട്ടുനാടകം. എന്നാല്‍ ഗോതുരുത്ത്, പള്ളിപ്പുറം എന്നിവടങ്ങളിലും ആലപ്പുഴ ഭാഗത്തും കുറച്ചധികം വര്‍ഷങ്ങളായി നേരത്തെ റിക്കോര്‍ഡ് ചെയ്തത് ഉപയോഗിച്ചാണ് ചവിട്ടുനാടകങ്ങള്‍ അവതരിപ്പിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പള്ളിത്തോട് മുതല്‍ ഫോര്‍ട്ടുകൊച്ചി വെളിവരെയുള്ള പ്രദേശങ്ങളില്‍, നടന് സ്വയം പാടിക്കളിക്കുന്ന പരമ്പാരഗത ശൈലി ഇന്നും നിലനിര്‍ത്തുന്നു. അതോടൊപ്പം വെളിച്ചം, പശ്ചാത്തല സംഗീതം, രംഗസജ്ജീകരണം എന്നിവയില്‍ ഇന്ന് ലഭ്യമായ നൂതന സാങ്കേത മാര്‍ഗങ്ങള്‍ എല്ലാവരും ഉപയോഗിക്കുകയും ചെയ്യുന്നു.

പുതുതലമുറ ചവിട്ടുനാടകരംഗത്തിനോട് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടോ?
ചവിട്ടുനാടക രംഗത്തേക്ക് പുതിയ തലമുറ കടന്നു വരുന്നില്ല. കലോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടിള് ചവിട്ടുനാടകം തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും ആ താല്പര്യം മത്സരം കഴിയുന്നതോടെ അവസാനിക്കുന്നു. ചവിട്ടുനാടക അവതരണത്തിന് വരുന്ന വലിയ സാമ്പത്തിക ചെലവ് മറ്റൊരു പ്രതിസന്ധിയാണ്. വേണ്ടത്ര വേദികള്‍ ചവിട്ടുനാടകങ്ങള്‍ക്ക് കിട്ടുന്നില്ല എന്നതും ഒരു കാരണമാണ്.
ഈ പ്രതിസന്ധി എങ്ങനെ മറികടക്കാനാകും?
ലത്തീന്‍ കത്തോലിക്കന്റെ തനത് കലാരൂപമായ ചവിട്ടുനാടകത്തെ പുനരുദ്ധരിക്കാന്‍ മതമേലധ്യക്ഷന്മാരും മത സംഘടനകളും മുന്നോട്ട് വരണം. സണ്‍ഡേ ക്ലാസുകള്‍ക്ക് സമാന്തരമായി പള്ളികളില്‍ ഞായറാഴ്ചകളില്‍ ചവിട്ടുനാടക പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കണം. ലീജന്‍ ഓഫ് മേരി സംഘടിപ്പിക്കുന്ന, സെപ്റ്റംബര്‍ ഫംഗ്ഷന്, മിഷ്യന് സണ്‍ഡേ, കുടുംബ യൂണിറ്റ് എന്നിവയോടൊക്കെ അനുബന്ധിച്ച് കുട്ടികളുടെ ചെറിയ ചവിട്ടുനാടകങ്ങള്‍ സംഘടിപ്പിക്കാവുന്നതാണ്. പള്ളി പെരുന്നാളുകളോടനുബന്ധിച്ച്, നിര്‍ബന്ധമായും ഒരോ ചവിട്ടുനാടക അവതരണത്തിന് വേദിയൊരുക്കണം. മുതിര്‍ന്ന പൗരന്മാര്ക്കും വീട്ടമ്മമാര്‍ക്കും അനുയോജ്യമായ ചവിട്ടുനാടകങ്ങള്‍ കണ്ടെത്തി പരിശീലിപ്പിക്കണം.
ചവിട്ടുനാടകത്തിനു വേണ്ടി ഒരു സംഘടന രൂപീകരിച്ചിട്ടുണ്ടല്ലോ അതിന്റെ വിശദാംശങ്ങള്‍?
നടന് സ്വയം പാടി ചാടി ചവിട്ടിക്കളിക്കുക, എന്ന ചവിട്ടുനാടകത്തിന്റെ പരമ്പരാഗത തനിമ നിലനിറുത്തിക്കൊണ്ട് അതിനെ സംരക്ഷിച്ചു നിലനിറുത്തുക എന്ന ഉദ്യേശത്തോടെ, കേരള ഫോക് ലോര്‍ അക്കാദമിയുടെയും, കേരള സംഗീത നാടക അക്കാദമിയുടേയും അംഗീകാരത്തോടെ, ഫോര്‍ട്ടുകൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊച്ചിന് ചവിട്ടുനാടക കളരി, സൊസൈറ്റി ആക്ട് പ്രകാരം രജിസ്ട്രേഷനുള്ള കലാസംഘടനയാണ്. ചവിട്ടുനാടകം പഠിക്കുന്ന കുട്ടികള്‍ക്ക്, ഫോക് ലോര്‍ അക്കാദമി വഴി സര്‍ക്കാരില്‍ നിന്ന് സ്റ്റൈപെന്റ്, മുതിര്‍ന്ന ചവിട്ടുനാടക കലാകാരന്മാര്ക്ക്, ക്ഷേമനിധിയിലൂടെയും, സാംസ്കാരിക വകുപ്പിലൂടെയും പെന്ഷന്, മറ്റ് അനുകൂലങ്ങള്‍ നേടിക്കൊടുക്കുക, പുതിയ ചവിട്ടുനാടകങ്ങള്‍ പ്രേക്ഷക സമക്ഷം അവതരിപ്പിക്കുക എന്നിങ്ങനെ പോകുന്നു പ്രവര്‍ത്തനങ്ങള്‍. 2007 – ല്‍ പ്രവര്‍ത്തനം ആരംഭിച്ച കളരിയുടെ പ്രസിഡന്റായി പതിനെട്ടാം വര്‍ഷവും ഞാന്‍ തുടരുന്നു.
ഏതൊക്കെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്?
2007ല്‍ കെസിബിസിയുടെ ചവിട്ടുനാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള, സ്പെഷ്യല്‍ ജൂറി അവാര്‍ഡ്, 2008ല്‍ കെസിബി സിയുടെ, മികച്ച ചവിട്ടുനാടക രചനയ്ക്കുള്ള അവാര്‍ഡ് (ജൂലിയസ് സീസര്‍) 2010 – ല്‍ കേരള ഫോക് ലോര്‍ അക്കാദമിയുടെ പ്രശംസാപത്രം, 2013 -ല്‍ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ അവാര്‍ഡ്, 2015ല്‍ ലത്തീന്‍ കത്തോലിക്ക ഐക്യവേദിയുടെ വിശിഷ്ട സേവാരത്ന അവാര്‍ഡ്, 2017 ല്‍ കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്, 2018ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ആദരവ്, 2020ല്‍ കേരള ഫോക് ലോര്‍ അക്കാദമിയുടെ ഫെലോഷിപ്പ്, 2020 ല്‍ ദക്ഷിണ ഭാരത കളരിയുടെ പ്രഥമ ശ്രീധരന് ഗുരുക്കള്‍ സ്മാരക പുരസ്കാരം, 2022 ല്‍ വൈസിസി അവാര്‍ഡ്, 2023ല്‍ സാക്ഷി അവാര്‍ഡ്, 2024 ല്‍ കാവാലം സ്മാരക സര്‍ഗ പ്രതിഭാ പുരസ്ക്കാരം. നിരവധി കലാസാംസ്കാരിക, സാമുദായിക, രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെ ആദരവുകളും ലഭിച്ചിട്ടുണ്ട്.
മറ്റേതെങ്കിലും തൊഴില്‍ ചെയ്തിരുന്നോ?
1985 മുതല്‍ 2012 വരെ 27 വര്‍ഷം, കൊച്ചിന് പോര്‍ട്ടില്‍, കെ.ബി. ജേക്കബ്, കിന്‍ഷിപ്പ്, അസ്പിന്‍വാള്‍ എന്നീ സ്റ്റിവിഡോറിങ്ങ് കമ്പനികളില്‍ ഫോര്‍മാനായി ജോലിചെയ്തു. തുറമുഖത്തെ ജോലിക്കൊപ്പം ചവിട്ടുനാടകം ജീവിതഭാഗമാക്കി. വിരമിച്ചശേഷം പൂര്‍ണമായി കലാകാരനായി. 2012 ല്‍ സ്കൂള്‍ കലോല്‍സവത്തില്‍ ചവിട്ടുനാടകം മത്സര ഇനമാക്കിയതു മുതല്‍ കേരളത്തിലെ 12 ജില്ലകളില്‍(കാസര്‍കോഡും, പത്തനംതിട്ടയും ഒഴികെ) സ്ക്കൂള് കലോല്‍സവത്തിനായി വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ചവിട്ടുനാടകം പരിശീലിപ്പിക്കുന്നു.

വീട്ടുകാരുടെ പിന്തുണ എത്രമാത്രമുണ്ട്?
എന്നെ ചവിട്ടുനാടക രംഗത്ത് കൊണ്ടുവരാന്‍ അപ്പന് ഒരുപാട് ആഗ്രഹിച്ചിരുന്നു. എനിക്ക് 6 വയസ്സുള്ളപ്പോള്‍, ഇ.പി. പ്രഭാകരന് എന്ന അപ്പന്റെ സുഹൃത്ത് ഒരു ചവിട്ടുനാടകത്തിലേക്ക് (ബാലവേഷം) എന്നെ കൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ മറ്റു ബന്ധുക്കള്‍ സമ്മതിച്ചില്ല. എന്റെ അരങ്ങേറ്റംകാണാന് നില്‍ക്കാതെ എന്റെ ഒന്‍പതാം വയസ്സില്‍ 1973 ല്‍ അപ്പന് അന്തരിച്ചു. കടുത്ത ദാരിദ്രത്തിനിടയിലും എനിക്ക് വേണ്ട പ്രോല്‍സാഹനങ്ങള്‍ തന്ന അമ്മ ചവിട്ടുനാടക രംഗത്തെ എന്റെ കൊച്ചു കൊച്ച് നേട്ടങ്ങള്‍ കണ്ട ശേഷം 2019ല്‍ ഞങ്ങളോട് വിടപറഞ്ഞു. 1992 ല്‍ ഞാന്‍ വിവാഹിതനായി. കലോല്‍സവത്തിനായി, വേഷവിധാനങ്ങള്‍ ഒരുക്കുന്നതും ഡിസൈന്‍ ചെയ്യന്നതുമൊക്കെ ഭാര്യയും രണ്ട് മക്കളും ചേര്‍ന്നാണ്. ചവിട്ടുനാടക രംഗത്തെ എന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബം കൂടെ നില്ക്കുന്നു.
എത്ര നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്?
കേരളത്തിനു പുറത്ത് എവിടെയൊക്കെ അവതരണങ്ങള്‍ നടത്തിയിട്ടുണ്ട്?
പ്രീഡിഗ്രി പഠനകാലത്ത് ഞാന്‍ രചന നിര്‍വഹിച്ച, എന്റെ ആദ്യത്തെ ചവിട്ടുനാടകമാണ് ‘രജിതസിംഹന്’. ‘യാക്കോബും മക്കളും’, ‘ചാട്ടവര്‍’, ‘ജൂലിയസ് സീസര്‍’, ‘മാര്‍ അല്ലേശ്’, ‘സാവൂള്‍’, ‘ഇമ്മാനുവല്‍’, ‘യൂദാസ് എന്ന മനുഷ്യന്’, ‘മഹാബലി’, ‘പന്തിയോസ് പീലാത്തോസ്’ എന്നിങ്ങനെ പത്ത് ചവിട്ടുനാടകങ്ങളുടെ രചന നിര്‍വഹിച്ചു. കാറള്‍മാന്‍, സെന്റ് സെബാസ്റ്റ്യന്‍, സാവൂള്‍, ജൂലിയസ് സീസര്‍, ഇമ്മാനുവല്‍, യൂദാസ് എന്ന മനുഷ്യന്, മഹാബലി, പന്തിയോസ് പീലാത്തോസ് എന്നീ ചവിട്ടുനാടകങ്ങളുടെ സംവിധാനവും നിര്‍വഹിച്ചു. ‘രജിത സിംഹന്’ എഴുതുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ചവിട്ടുനാടക രചയിതാവായിരുന്നു. ബാംഗ്ലൂര്‍, സെക്കന്തരബാദ് എന്നിവങ്ങളില്‍ ചവിട്ടുനാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടോയുടെ ഭാര്യ ജാക്വിലിന് വൈപ്പിന്‍ മുരിക്കുംപാടം കടമ്പുകാട് കുടുംബാംഗമാണ്. മകന് വിന്‍സെന്റ് ഒക്ടേവിയസ് ഷിപ്പിങ്ങ് കമ്പനിയില്‍ അക്കൗണ്ടന്റ്. വിവാഹിതനാണ്. ഭാര്യ നിഫി. ഒരു കുട്ടിയുണ്ട്. കെയിന്‍. മകള്‍ ഫിലോമിന ഒക്ടേവിയ, ഫ്യുമിക്കേഷന് സര്‍വീസസില്‍ ടെക്നിക്കല്‍ എക്സ്പെര്ടൈസറാണ്. ഭര്‍ത്താവ് എ. സി. റിന്സന് മര്‍ച്ചന്റ് നേവിയില്‍. മക്കള്‍ നെസ്സ, എയ്വാ.