കൽപറ്റ: മുണ്ടക്കൈ ചൂരൽ മല ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.11 കോടി രൂപ എത്തിയപ്പോഴും സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.19 കോടി രൂപ മാത്രം.
സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് 21.42 കോ ടി രൂപയും സിഎംഡിആർഎ ഫിൽനിന്ന് 86.78 കോടി രൂപയും സംസ്ഥാന സർക്കാരിൽ നിന്നു ലഭ്യമായ തുകയിൽനിന്ന് ഈ മാസം വരെ ചെലവഴിച്ചെന്നാണു വിവരാവകാശ നിയമപ്രകാരം വയനാട് കലക്ടറേറ്റിൽനിന്നു ലഭിച്ച മറുപടി.
നൂറുകണക്കിനു പേർ തുടർ ചികിത്സയ്ക്കായി ആശുപ്രതികൾ കയറിയിറങ്ങുമ്പോഴും, ഗുരുതരമായി പരുക്കേറ്റ 37 പേർക്കു മാത്രമേ ചികിത്സാ സഹായം (18.86 ലക്ഷം) നൽകിയിട്ടുള്ളുവെന്നും വിവരാവകാശ മറുപടിയിൽ വ്യക്തം. ചില സന്നദ്ധസംഘടനകൾ വീടുനിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിക്കഴിഞ്ഞിട്ടും മാർച്ച് 24ന് തറക്കല്ലിട്ട സർക്കാരിന്റെ ടൗൺഷിപ്പിൽ മാതൃകാവീട് നിർമാണം പോലും പൂർത്തിയായിട്ടില്ല.
അതേസമയം, ഉരുൾജലം ഒലിച്ചെത്തിയ പുന്നപ്പുഴയുടെ നവീകരണത്തിനായി മാത്രം 195.55 കോടി അനുവദിച്ച് പ്രവൃത്തി പുരോഗമിക്കുകയാണ്. കേന്ദ്രവായ്പയിൽനിന്നാണ് ഈ തുക.
കേന്ദ്ര സഹായമില്ലെന്നതിനാൽ ദുരന്തബാധിതർക്കുള്ള ഉപജീവന ബത്ത ഇടയ്ക്കു മുടങ്ങിയിട്ടുപോലും പുഴ നവീകരണത്തിനായി കോടികൾ അനുവദിക്കുന്നതിനായിരുന്നു മുൻഗണന.