കൊച്ചി: ലോക അന്താരാഷ്ട്ര കണ്ടൽക്കാട് ദിനാചരണത്തോട് അനുബന്ധിച്ച് “കണ്ടൽക്കാടുകൾ – തീരദേശ സംരക്ഷകർ ” എന്ന പ്രമേയം അടിസ്ഥാനമാക്കി, സെന്റ് ആൽബർട്ട്സ് കോളേജ് ( ഓട്ടോനോമസ് ) ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസ് ആൻഡ് അക്വാ കൾച്ചർ വിഭാഗവും സീ – ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ദേശീയ സെമിനാർ, തീരദേശ പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിൽ കണ്ടൽക്കാടുകളുടെ പങ്ക് അനുസ്മരിപ്പിക്കുന്നതായിരുന്നു.
പ്രസ്തുത സെമിനാറിൽ കോളേജ് അസിസ്റ്റന്റ് മാനേജർ റവ. ഫാ. ഷൈൻ പോളി കളത്തിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ ജോസഫ് റബല്ലോ കണ്ടൽക്കാടുകളുടെ പ്രസക്തിയെക്കുറിച്ചും പരിപാലനത്തെ കുറിച്ചും വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
സെമിനാറിൽ ലോകപ്രശസ്ത സമുദ്ര ശാസ്ത്ര വിദഗ്ധനും കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസിലറും സ്കൂൾ ഓഫ് മറൈൻ സയൻസ് ( കുസാറ്റ് CUSAT ) ഡീനുമായ എമറിറ്റസ് പ്രൊഫസർ ഡോ. എസ്. ബിജോയ് നന്ദൻ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് കണ്ടൽക്കാട് സംരക്ഷണസമിതി അംഗവും കുഫോസ് മുൻ ഫിഷ് ഫാം സുപ്രഡന്റ്ന്റും ഒട്ടനവധി പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകളും, ശില്പശാലകളും നേതൃത്വം നൽകിയിട്ടുള്ള ശ്രീ. രഘുരാജ് കെ. കെ. കണ്ടൽക്കാട് പുനഃസ്ഥാപന രീതികളും, കേരള തീരപ്രദേശങ്ങളിലെ ദീർഘകാല അനുഭവങ്ങളും ആസ്പദമാക്കി പ്രഭാഷണം നടത്തി. പ്രസ്തുത പരിപാടി യുവ പരിസ്ഥിതി പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രചോദനമായിരുന്നു.
പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. സമാപന പരിപാടിയിൽ വളപ്പ് ബീച്ചിൽ ( വൈപ്പിൻ ) വിദ്യാർത്ഥികളും, അധ്യാപകരും, ജനപ്രതിനിധികളും കണ്ടൽ ചെടികൾ നട്ടു പിടിപ്പിക്കുകയും സംഘാടകരായ ഡോ. ബിജോയ് വി. എം, ഡോ. രഞ്ജിത്ത് കുമാർ സി. ആർ, ഡോ. രഞ്ജിമ ജി, ഡോ. രാധിക ആർ, ഡോ. നിയ ബെന്നി എന്നിവർ സംസാരിച്ചു.
‘ കണ്ടൽക്കാട് നടീൽ ഉത്സവം – 2025 ‘, വിദ്യാർത്ഥികളെയും ജനസമൂഹത്തെയും കണ്ടൽക്കാടുകളുടെ പ്രസക്തിയെക്കുറിച്ച് ബോധവൽക്കരിക്കുകയും തീര – പരിസ്ഥിതി സംരക്ഷണത്തിലേക്ക് ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.