തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്ക മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ.
കന്യാസ്ത്രീകൾക്കെതിരായ ആരോപണം ശരിയല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ പറയുന്നത്. എങ്കിൽ പിന്നെ കൽത്തുറുങ്ക് എന്തിനാണെന്നും അവരെ തുറന്നുവിട്ടാൽ പോരേ എന്നും ക്ലിമീസ് ബാവ ചോദിച്ചു. ‘ ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്’ എന്ന ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ച ക്ലിമീസ് ബാവ അവിടെ ആതുര ശുശ്രൂഷ ചെയ്യുന്നവരാണ് സന്യാസിനിമാർ എന്ന് പറഞ്ഞു.
ആർഷ ഭാരതത്തിന് അഭിവാജ്യഘടകമാണ് അവർ. അവരുടെ സമർപ്പണം എക്കാലവും ഓർമിക്കപ്പെടണം. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു. ജാമ്യം നിഷേധിച്ചപ്പോൾ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആർഷ ഭാരത സംസ്ക്കാരമെന്ന് ക്ലിമീസ് ബാവ ചോദിച്ചു. ഭരിക്കുന്ന പാർട്ടിയോടുള്ള വെല്ലുവിളിയല്ല ഈ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.