വത്തിക്കാൻ സിറ്റി: സമകാലിക ലോകം ചെലുത്താനുദ്ദേശിക്കുന്ന സ്വാധീനത്തെ ഊട്ടിവളർത്തുന്ന ലക്ഷ്യം എന്തെന്ന് സൂക്ഷ്മമായി പരിശോധിക്കാൻ ജൂബിലി നമ്മെ ക്ഷണിക്കുന്നുവെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ (ഡികാസ്റ്റെറി) പ്രോ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലേ.
കത്തോലിക്കാ സ്വാധീനശാലികളുടെയും (ഇൻഫ്ലുവെൻസർ) സുവിശേഷപ്രഘോഷണത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഡിജിറ്റൽ പ്രേഷിതരുടെയും ജൂബിലിയാചരണത്തോടനുബന്ധിച്ച് ജൂലൈ 29-ന് ചൊവ്വാഴ്ച (29/07/25) വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
നമ്മൾ ആഗ്രഹിക്കുന്ന മാറ്റം പലപ്പോഴും ആളുകളെയും സാഹചര്യങ്ങളെയും സ്വാധീനിക്കാൻ നമ്മൾ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കർദ്ദിനാൾ തഗ്ലേ ഉദാഹരണസഹിതം വിശദീകരിച്ചു.
സ്വാധീനം എന്നാൽ പൊതുവെ ഒരു വ്യക്തിയെയൊ ഒരു വസ്തുവിനെയൊ മാറ്റത്തിനു വിധേയമാക്കാനുള്ള കഴിവോ ശക്തിയോ ആണെന്ന് അദ്ദേഹം പറഞ്ഞു. സ്വാധീനിക്കുന്നതും സ്വാധീനിക്കപ്പെടുന്നതും സാധാരണ ജീവിതത്തിലെ ഒരു യാഥാർത്ഥ്യമാണെന്നും ദൈനംദിന ജീവിതം പരസ്പരം ബന്ധപ്പെട്ട സ്വാധീനങ്ങളുടെ ഒരു ചിത്രക്കമ്പളമാണെന്നും കർദ്ദിനാൾ തഗ്ലേ കൂട്ടിച്ചേർത്തു.
ഡിജിറ്റൽ പ്രേഷിതരും സ്വാധീനശാലികളും യേശുവിൻറെ സ്നേഹഭാജനങ്ങളെണെന്നു പറഞ്ഞ അദ്ദേഹം അവരിലൂടെ അനേകരെ സ്വാധീനിക്കാൻ യേശുവിനു കഴിയുമെന്നും അങ്ങനെ ദൈവത്തിൻറെ സത്യം, നീതി, സ്നേഹം, സമാധാനം എന്നിവ ഭൂമിയുടെ അതിർത്തികൾവരെയെത്തുമെന്നും പ്രസ്താവിച്ചു.