ജോർജിയ: ഏറെ നാടകീയമായ ഫൈനലിൽ കൊനേരു ഹംപിയെ പരാജയപ്പെടുത്തി വനിതാ ചെസ് ലോകകിരീടം ദിവ്യ ദേശ്മുഖിന്. രണ്ടാമത്തെ റാപ്പിഡ് ടൈബ്രേക്കിന്റെ അവസാനത്തിലാണ് 19 കാരി ദിവ്യയ്ക്ക് മുന്നിൽ കൊനേരു ഹംപി പതറിയത്.
ഒന്നാം റാപ്പിഡ് ഗെയിമിൽ ഇരുവരും തുല്യത പാലിച്ചെങ്കിലും, രണ്ടാം ഗെയിമിൽ നേടിയ വിജയത്തോടെ കിരീടം ദിവ്യ ദേശ്മുഖ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്.
ഈ വിജയത്തോടെ ഫിഡെ വനിതാ ലോകകപ്പ് ചാമ്പ്യനാകുക മാത്രമല്ല, ഇന്ത്യയുടെ 88-ാമത് ഗ്രാൻഡ്മാസറായും കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയായും ദിവ്യ മാറി. കൊനേരു ഹംപി, ഡി.ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു വനിതകൾ. ദിവ്യ ദേശ്മുഖിന്റെയും കൊനേരു ഹംപിയുടെയും ആദ്യ ലോകകപ്പ് ഫൈനൽ കൂടിയായിരുന്നു ഇത്.