മായിത്തറ: കെ. ആർ. എൽ. സി. സി. വിഭാവനംചെയ്യുന്ന രീതിയിൽ, ശുശ്രൂഷാസമിതികളിലൂടെയുള്ള, ബി. സി. സികളുടെയും ഇടവകസമൂഹത്തിന്റെയും വളർച്ച എന്ന ആശയത്തെ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നതിന്റെ മാതൃകയാകുകയാണ്, ആലപ്പുഴ രൂപതയിലെ, മായിത്തറ തിരുഹൃദയ ഇടവക.
കൃത്യമായ വാർഷികപദ്ധതിയും ബഡ്ജറ്റും മുൻകൂട്ടി തയ്യാറാക്കിയും, നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വർഷാവസാനം അവലോകനംചെയ്ത് വിശകലനംചെയ്തും കഴിഞ്ഞ ഏതാനും വർഷങ്ങളായി, ബി. സി. സി. കളും വിവിധ ശുശ്രൂഷാസംവിധാനങ്ങളും മായിത്തറ ഇടവകയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്.
ഈ വർഷത്തിൽ ഒരു പടികൂടെക്കടന്ന് പള്ളിക്കമ്മിറ്റിയും ഫിനാൻസ് കമ്മിറ്റിയും ലിറ്റർജി കമ്മിറ്റിയുമടക്കമുള്ള ഇടവകയിലെ മുഴുവൻ സംവിധാനങ്ങളും ഇടവകയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും ഇതേ മാതൃക പിന്തുടർന്നുകൊണ്ട്, വാർഷികപദ്ധതിയും ബഡ്ജറ്റും തയ്യാറാക്കിയിരിക്കുകയാണ്. ഇടവക വികാരിയായ ഫാ. തോമസ് ഷൈജു ചിറയിലിന്റെ ആത്മീയപരിപാലനയിൽ, അല്മായശുശ്രൂഷാസമിതിയോടു ചേർന്നുപ്രവർത്തിക്കുന്ന പാരിഷ് അനിമേഷൻ ടീമാണ്, പദ്ധതി ആസൂത്രണങ്ങൾക്കുവേണ്ട പരിശീലനങ്ങളും പിന്തുണയും നല്കിയിട്ടുള്ളത്.
ഇടവകയിലെ ബി.സി.സി. കൺവീനർ ആൻ്റപ്പൻ കളത്തിൽ, ശുശ്രൂഷാസമിതി കോ-ഓർഡിനേറ്റർ ജോസ് ആറുകാട്ടി, കൈക്കാരന്മാരായ മിൽട്ടൺ കൊറയ, വർഗീസ് ആഞ്ഞിലിക്കൽ, ഫിനാൻസ് കമ്മിറ്റി സെക്രട്ടറി സാമോൻ സാമുവൽ താഴ്ചയിൽ തുടങ്ങിയവരുടെ സജീവമായ മേൽനോട്ടം ബി.സി.സി പ്രവർത്തനങ്ങൾക്ക് ഊർജ്ജം നല്കുന്നു.
മായിത്തറ ഇടവകയിലെ ബി. സി. സി. മീറ്റിങ്ങുകളിലും പ്രവർത്തനങ്ങളിലും പുരുഷന്മാരുടെ സജീവസാന്നിദ്ധ്യമുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.ഇടവകയിലെ സംവിധാനങ്ങളും സംഘടനകളും തയ്യാറാക്കിയ 2025 -26 വർഷത്തേക്കുള്ള വാർഷികപദ്ധതിയും ബഡ്ജറ്റും മുൻവർഷത്തെ പ്രവർത്തനറിപ്പോർട്ടും ക്രോഡീകരിച്ച്, മുൻവർഷങ്ങളിൽ ശുശ്രൂഷാസമിതികൾ ചെയ്തിട്ടുള്ളതുപോലെ, ‘ഹെസെദ്’ എന്ന പേരിൽ പുസ്തകരൂപത്തിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
2025 ജൂലൈ 27 ന് ഇടവകദൈവാലയത്തിൽ, വികാരി റവ. ഫാദർ തോമസ് ഷൈജു ചിറയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽവച്ച്, ആലപ്പുഴ രൂപതാമെത്രാൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ ‘ഹെസെദ്’ പ്രകാശനംചെയ്തു. കെ. ആർ. എൽ. സി. സി. വൈസ് പ്രസിഡന്റ് ശ്രീ ജൂഡ് ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങി. പാരിഷ് ആനിമേഷൻ ടീം കൺവീനർ ഡോ. കെ. ജി. തദേവൂസ് ആമുഖപ്രസംഗം നടത്തി.
ഇടവകയ്ക്ക് നല്കിയ സമഗ്രസംഭാവനകൾ പരിഗണിച്ച്, സിസ്റ്റർ ടെറസീന ജോസഫ്, കപ്യാർ ഇഗ്നേഷ്യസ് പറയകാട്ടിൽ (ചിന്നൻ), മുൻ കൈക്കാരൻ ആന്റണി പാല്യത്തറ എന്നിവരെ പൊന്നാടയും ഫലകവും നൽകി മെത്രാൻ ആദരിച്ചു. മായിത്തറ തിരുഹൃദയ ഇടവകയിലെ പദ്ധതിയാസൂത്രണങ്ങളും അവ നടപ്പിലാക്കുന്ന രീതിയും കേരളസഭയ്ക്കാകമാനം മാതൃകാപരമായ ഒരു പ്രവൃത്തിയാണെന്ന് ചടങ്ങിൽ ആശംസകളർപ്പിച്ചു സംസാരിച്ച ശ്രീ ജോസഫ് ജൂഡ് പറഞ്ഞു.
2017 ൽ കെ. ആർ. എൽ. സി. സി. വിഭാവനചെയ്ത അജപാലന – ശുശ്രൂഷാസംവിധാനം പൂർണ്ണമായ അർത്ഥത്തിൽ പ്രയോഗവല്ക്കരിക്കപ്പെടുന്നുവെന്നത് സന്തോഷകരമാണെന്നും മറ്റെല്ലാ ഇടവകകൾക്കും അനുകരിക്കാനാവുന്ന ഒരു മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകപ്രകാശനത്തെത്തുടർന്നു നടന്ന സെമിനാറിൽ, പദ്ധതിനിർവ്വഹണത്തിനായി സ്വീകരിക്കേണ്ട പ്രായോഗികമാർഗ്ഗങ്ങളെക്കുറിച്ച്, ചർച്ചാക്ലാസ്സും വർക്ക്ഷോപ്പും നടന്നു. എറണാകുളം സെന്റ്. പോൾസ് കോളേജിലെ ധനതത്ത്വശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സ്റ്റാൻലി ചർച്ചാക്ലാസ്സിനും വർക്ക്ഷോപ്പിനും നേതൃത്വം നല്കി.