കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ ഇനി പുണ്യദിനങ്ങളുടെ കൃപാഭിഷേകം.
വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 27 മുതൽ 31 വരേ നടത്തുന്ന അന്തർദേശീയ വല്ലാർപാടം മരിയൻ ബൈബിൾ കൺവെൻഷനു വേണ്ടി റോസറി പാർക്കിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽ നാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ നിർവ്വഹിച്ചു. ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. യേശുദാസ് പഴംപിള്ളി, ഫാ. വിൻസന്റ് നടുവിലപറമ്പിൽ, ഫാ.ജീബു തൈത്തറ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസിദ്ധ വചനപ്രഘോഷകനും അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ഫാ.ഡോമിനിക് വാളൻമണലിന്റെ നേതൃത്വത്തിലാണ് അഞ്ചു നാൾ നീണ്ടു നില്ക്കുന്ന കൺവെൻഷൻ സംഘടിപ്പിച്ചിട്ടുള്ളത്. 27ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലി മധ്യേ കൺവെൻഷന്റെ ഉത്ഘാടനം അഭിവന്ദ്യ പിതാവ് നിർവ്വഹിക്കും.
സമാപന ദിനമായ 31 ന് ദിവ്യബലിക്ക് സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ദിവസവും വൈകീട്ട് 4 മണി മുതൽ രാത്രി 9 മണിവരേയായിരിക്കും ധ്യാന സമയം.
സെപ്റ്റംബർ 14 ഞായറാഴ്ച്ചയാണ് ഈ വർഷത്തെ മരിയൻ തീർത്ഥാടനം. തുടർന്ന് സെപ്റ്റംബർ 16 ന് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറും. ഒൻപത് നാൾ നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങൾ സെപ്റ്റംബർ 24 ന് സമാപിക്കും.