കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടി രക്ഷപ്പെടാൻ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പുറമെനിന്ന് സഹായം ലഭിച്ചതായി കണ്ണൂർ ടൗൺപൊലിസിന്റെ അന്വേഷണ റിപ്പോർട്ട്. പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്ന് പുലർച്ചെ 1.15 നാണ് ജയിൽ ചാടിയതെന്നും പൊലീസ് റിപ്പോർട്ട്.
അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈൻ ബ്ലോക്ക് വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു . മതിലിന്റെ മുകളിൽ ഇരുമ്പ് കമ്പികൊണ്ടുള്ള വലയിൽ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി പുറത്തേക്ക് ചാടുകകയായിരുന്നു. ഇതേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.
പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി . ട്രെയിൻ, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയിൽ ഉള്ള പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്.ജയിൽച്ചാട്ടത്തിൽ ജയിൽ മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട് .