വത്തിക്കാൻ സിറ്റി: ഇന്നിൻറെ തനതായ വെല്ലുവിളികൾക്കിടയിൽ സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവരാണ് ഡൊമീനിക്കൻ സഭാംഗങ്ങളെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
1216-ൽ വിശുദ്ധ ഡോമിനിക് ഗുസ്മാൻ സ്ഥാപിച്ച പ്രഭാഷകരുടെ സഭയെന്നും അറിയപ്പെടുന്ന ഡൊമിനിക്കൻ സഭയുടെ പോളണ്ടിലെ ക്രക്കോവിൽ ജൂലൈ 17-ന് ആരംഭിച്ചതും ആഗസ്റ്റ് 8 വരെ നീളുന്നതുമായ പ്രവിശ്യാധിപന്മാരുടെ പൊതുസംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്നവർക്ക് ലിയൊ പതിനാലാമൻ പാപ്പാ ഈ സമൂഹത്തിൻറെ തലവനായ മാസ്റ്റർ ജനറൽ വൈദികൻ ജെറാർഡ് ഫ്രാൻസിസ്കൊ തിമോണെർ ത്രിതീയൻറെ (Fr.Gerard Francisco Timoner III) പേരിലയച്ച സന്ദേശത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
“ഒരിക്കലും നിരാശപ്പെടുത്താത്ത പ്രത്യാശയിൽ” വേരുന്നീയ നവീകരണത്തിനുള്ള ഒരു അവസരമാകട്ടെ ഈ ജൂബിലിവർഷത്തിൽ നടക്കുന്ന ഈ പൊതുസംഘമെന്ന് പാപ്പാ സന്ദേശത്തിൽ ആശംസിക്കുന്നു.
“യേശുവിനെ ഇതുവരെ അറിഞ്ഞിട്ടില്ലാത്തവർ, ക്രിസ്ത്യാനികൾ, സഭയിൽ നിന്ന് അകന്നുപോയവർ, ഈ സാഹചര്യങ്ങളിലായിപ്പോയ യുവത എന്നിങ്ങനെ ‘നാല് വിഭാഗക്കാരായ ജനതയോടുള്ള ഭിന്നരീതിയിലുള്ള പ്രഘോഷണം” എപ്രകാരം നിർവ്വഹിക്കാം എന്നതിനെക്കുറിച്ചു വ്യക്തമായി വിശകലനം ചെയ്യുന്ന വിചിന്തന പ്രമേയം ഈ പൊതുസംഘം സ്വീകരിച്ചിരിക്കുന്നത് സവിശേഷമാംവിധം ഉചിതമാണെന്ന് പാപ്പാ പറയുന്നു. ധ്യാനാത്മക പ്രഭാഷകർ എന്ന ഡൊമീനിക്കൻ സഭാംഗങ്ങളുടെ വിളിയെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ സഭയെ “സത്യത്തിൻറെ പൂർണ്ണതയിൽ നയിക്കുന്ന” പരിശുദ്ധാത്മാവിനെ ശ്രദ്ധയോടെ ശ്രവിക്കാൻ പൊതുസംഘത്തിൻറെ തീരുമാനങ്ങൾ അവരെ പ്രാപ്തരാക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഈ സമൂഹത്തിൻറെ സ്ഥാപകനായ വിശുദ്ധ ഡോമിനിക് തിരഞ്ഞെടുത്ത സുവിശേഷാത്മക ജീവിതശൈലിയിൽ ക്രിസ്തു ഗാത്രത്തെ സേവിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെ കൂട്ടായ്മയിലുള്ള ഈ സമയം ശക്തിപ്പെടുത്തുമെന്ന് പാപ്പാ പ്രത്യാശിക്കുന്നു. സാഹോദര്യത്തിന്റെയും പ്രാർത്ഥനയുടെയും ഈ പൊതുവായ അനുഭവം ഡൊമീനിക്കൻസമൂഹാംഗങ്ങളെന്ന നിലയിൽ അവരെ ഒന്നിപ്പിക്കുന്ന കൂട്ടായ്മയുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ധ്യാനാത്മക പ്രസംഗകർ എന്ന അവരുടെ വിളി കൂടുതൽ പൂർണ്ണതയിൽ ജീവിക്കാൻ അവർക്ക് പ്രചോദനമേകുകയും ചെയ്യുമെന്ന് പാപ്പാ പറയുന്നു. അങ്ങനെ അവർക്ക് അവരുടെ സമൂഹത്തിൻറെ സ്ഥാപകൻറെ സിദ്ധിയോടും ആത്മീയതയോടും വിശ്വസ്തത പുലർത്തിക്കൊണ്ട്, സഭയുടെ ഹൃദയത്തിൽ അവരുടെ ദൗത്യനിർവ്വണം നിസ്സംശയം തുടരാൻ സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.