ന്യൂഡൽഹി :വന്യജീവി ആക്രമണം മൂലം മരിക്കുന്നവരുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള്‍ ശേഖരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ രേഖാമൂലമുളള മറുപടി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണം മൂലം എത്ര പേര് മരിച്ചു, നാശനഷ്ടങ്ങളുടെ കണക്ക്, എന്നിവയായിരുന്നു എംപി ചോദിച്ചത്. ഈ കണക്കുകള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ശേഖരിക്കുന്നില്ലെന്നായിരുന്നു കേന്ദ്രവനംപരിസ്ഥിതി സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിങ്ങിന്റെ മറുപടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലുടനീളം ആനകളുടെ ആക്രമണത്തില്‍ 2869 പേരും കടുവകളുടെ ആക്രമണത്തില്‍ 378 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റ് വന്യമൃഗങ്ങള്‍ മൂലമുണ്ടായ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്കി.
വന്യജീവികള്‍ മൂലമുണ്ടാകുന്ന വിളകളുടെ നഷ്ടവും ശേഖരിക്കുന്നില്ലെന്ന് മന്ത്രാലയം സമ്മതിച്ചു. കര്‍ഷകരോടും ഗോത്ര, ആദിവാസി സമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങളോടുളള കടുത്ത അവഗണനയാണ് മറുപടിയിലൂടെ വ്യക്തമാകുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
കാട്ടുപന്നികളെയും ചില വര്‍ഗത്തില്‍പ്പെട്ട കുരങ്ങുകളെയും 2020മുതല്‍ വിവിധ കാലയളവില്‍ ഉത്തരാഖണ്ഡ്, ബിഹാര്‍, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഷുദ്രജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാത്തത് കേന്ദ്രത്തിന്റെ ഇരട്ടനീതിയാണ്.