എഡിറ്റോറിയൽ / ജെക്കോബി
‘കണ്ണേ കരളേ വിഎസ്സേ’ എന്ന നെഞ്ചകം പിളരുമാറുള്ള വിളി ആ വിലാപയാത്രയിലുടനീളം അന്ത്യാഭിവാദ്യമായി ഉയര്‍ന്നുകൊണ്ടിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ബോധത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള വിപ്ലവഗാഥയിലെ ജനപ്രിയ വീരനായകന് വിടചൊല്ലാന്‍ തലസ്ഥാനനഗരത്തില്‍ നിന്ന് ആലപ്പുഴ പുന്നപ്ര വലിയ ചുടുകാട്ടിലെ രക്തസാക്ഷിമണ്ഡപം വരെ കോരിച്ചൊരിയുന്ന മഴയത്തും പാതയോരത്ത് കാത്തുനിന്ന് അനുയാത്ര ചെയ്ത വന്‍ജനസഞ്ചയത്തില്‍ നിറയെകണ്ട ചെറുപ്പക്കാരുടെ വികാരതീവ്രതയാര്‍ന്ന സാന്നിധ്യത്തില്‍ നിന്ന് വായിച്ചെടുക്കാവുന്ന സന്ദേശം എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിചിന്തനം ചെയ്യുന്നുണ്ടാകാം.
കുട്ടനാട് മേഖലയിലെ കര്‍ഷകതൊഴിലാളികളെയും ആലപ്പുഴയിലെ കയര്‍തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കിറങ്ങിയതും, ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ഡൊമീനിയനില്‍ ചേരാതെ തിരുവിതാംകൂര്‍ സ്വതന്ത്ര രാഷ് ട്രമായി നില്‍ക്കുന്നതിന് ‘അമേരിക്കന്‍ മോഡല്‍’ ഭരണസംവിധാനം നിര്‍ദേശിച്ച ദിവാന് സര് സി.പിയുടെ ‘ഭീകരവാഴ്ചയ്ക്കെതിരെ’ വാരിക്കുന്തവുമായി പോരാടുന്നതിന് പുന്നപ്രയിലും വയലാറിലും പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിന് കാല്‍വെള്ളയില്‍ പൊലീസ് ബയനറ്റ് കുത്തിയിറക്കിയതും, ഒളിവുജീവിതവും ജയില്‍വാസവും സഖാവ് വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും പ്രത്യയശാസ്ത്ര സ്ഥൈര്യത്തിന്റെയും അഗ്നിസ്നാനമായിരുന്നു. രാജ്യത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ 32 സ്ഥാപകനേതാക്കളില്‍ അവസാനത്തെ ആളായി വി.എസ് കടന്നുപോവുകയാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം – മൂന്നു തവണയായി 14 വര്‍ഷം – പ്രതിപക്ഷ നേതാവായിരുന്ന, ഏറ്റവും പ്രായംകൂടിയ മുഖ്യമന്ത്രിയായി 82-ാം വയസില്‍ സ്ഥാനമേറ്റ, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ് എന്നും തൊഴിലാളിവര്‍ഗത്തിനും പാര്‍ശ്വവത്കൃതര്‍ക്കും വേണ്ടി, മണ്ണിനും പ്രകൃതിക്കും പെണ്മയ്ക്കും ആദിവാസികള്‍ക്കും വേണ്ടി, നീതിക്കും മാനവികതയ്ക്കും വേണ്ടി പോരാടിയ, പാര്‍ട്ടിക്കുള്ളിലും ആശയസമരം തുടര്‍ന്നതിന്റെ പേരില്‍ നിരന്തരം തരംതാഴ്ത്തല്‍, സസ്പെന്ഷന്, ശാസന, പരസ്യശാസന, വിലക്ക് എന്നിങ്ങനെയുള്ള അച്ചടക്കനടപടികള്‍ക്കും ‘വെട്ടിനിരത്തലിനും’ വിധേയനായിട്ടും തനിക്ക് ശരിയെന്നു ബോധ്യമായ ജനപക്ഷത്ത് ഉറച്ചുനിന്ന, അഴിമതിക്കറ പുരളാത്ത നേതാവായാണ് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയത്.
നെല്‍പ്പാടങ്ങളും തണ്ണീര്‍തടങ്ങളും ഭൂഗര്‍ഭജലവും സംരക്ഷിക്കാനുള്ള ജനകീയ മുന്നേറ്റങ്ങള്‍ നയിക്കുകയും, വനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാര്‍, പൂയംകുട്ടി, മതികെട്ടാന്‍മല വിഷയങ്ങളിലും എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലും ഭൂസമരങ്ങളിലും ഇടപെടുകയും, മൂന്നാറിലെയും കോവളം തീരത്തെയും കയ്യേറ്റഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കുകയും ചെയ്ത അച്യുതാനന്ദന്റെ പോരാട്ടവീര്യവും തത്ത്വാധിഷ്ഠിത രാഷ് ട്രീയവും ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയും പാര്‍ട്ടി ആഭിമുഖ്യങ്ങള്‍ക്ക് അതീതമായി യുവജനങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചിട്ടുണ്ടാകണം. രാജ്യത്തെ യഥാര്‍ഥ കമ്യൂണിസ്റ്റുകാരുടെ തലമുറയിലെ അവസാനത്തെ ഇതിഹാസ നായകരില്‍ ഒരാളായും വി.എസ് യുവഹൃദയങ്ങളില്‍ ജീവിക്കും.
പ്രത്യാശയുടെ മഹാജൂബിലി

കൊറിയക്കാരായ ഏതാനും യുവജനപ്രതിനിധികൾ , 2023-ൽ പോർച്ചുഗലിൽ ലോക യുവജനസംഗമ വേളയിൽ (ANSA)
യേശുവിന്റെ തിരുപ്പിറവിയുടെ 2025-ാം വാര്‍ഷികത്തില്‍, പ്രത്യാശയുടെ മഹാജൂബിലി വര്‍ഷത്തിന്റെ ഭാഗമായി റോമില്‍ യുവജന ജൂബിലി തീര്‍ഥാടനത്തിന് ലോകമെമ്പാടുനിന്നും 18-35 പ്രായപരിധിയിലുള്ള ആയിരകണക്കിന് യുവതീയുവാക്കള്‍ വന്നണയുന്ന പശ്ചാത്തലത്തിലാണ് കേരള കത്തോലിക്കാ സഭ ഇക്കൊല്ലത്തെ യുവജനദിനം ആചരിച്ചത്. ഒരിക്കലുമുണ്ടായിട്ടില്ലാത്ത പലവിധ പ്രതിസന്ധികളെ ലോകം മുഴുവനും വിശിഷ്യാ കേരളസമൂഹവും യുവജനങ്ങളും നേരിടുമ്പോള്‍, ആത്മീയമായും ഭൗതികമായും പ്രത്യാശാപൂര്‍ണമായ ജീവിതശൈലിയിലേക്കുള്ള പരിവര്‍ത്തനത്തിനാവശ്യമായ മുന്നൊരുക്കവും നവീകരണവുമാണ് സഭ നാമേവരില്നിന്നും ആവശ്യപ്പെടുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ യുവജന കമ്മിഷന് യുവജനദിന സന്ദേശത്തില്‍ ഓര്‍മിപ്പിക്കുകയുണ്ടായി.
അത്യന്തം കലുഷിതവും ആശയക്കുഴപ്പങ്ങള്ക്കിടയാക്കുന്നതുമായ ഇന്നത്തെ രാഷ് ട്രീയ സാഹചര്യങ്ങളില്‍, നമ്മുടെ നാട് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ പരിഹാരത്തിന് സഭാത്മകതയും നേതൃപാടവവും ചിന്താശേഷിയും കാര്യപ്രാപ്തിയുമുള്ള ക്രൈസ്തവ യുവനിര മുഖ്യധാരാ രാഷ് ട്രീയത്തിലേക്ക് കടന്നുവരണമെന്ന് കെസിബിസി യുവജന കമ്മിഷന് നിര്‍ദേശിക്കുന്നു. നേതൃഗുണമുള്ള യുവതീയുവാക്കളെ സഭാത്മകമായി പരിശീലിപ്പിക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള ദൗത്യം കത്തോലിക്കാ യുവജന സംഘടനകള്‍ ഗൗരവമായെടുക്കണമെന്നും പൊതുസമൂഹത്തിന്റെയും ക്രൈസ്തവ സമുദായത്തിന്റെയും ആവശ്യമെന്ന നിലയില്‍ തങ്ങളുടെ നിയോഗം തിരിച്ചറിഞ്ഞ് മുന്നോട്ടുവരാന്‍ യോഗ്യരായവര്‍ തയ്യാറാകണമെന്നും കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലേക്ക് അയച്ച സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.
”ജനാധികാരം നിര്‍വ്വഹിക്കപ്പെടുന്ന ഭരണസംവിധാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും ലത്തീന്‍ കത്തോലിക്കര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇനിയും ഉണ്ടായിട്ടില്ല” എന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലി വിലയിരുത്തിയത് ഇവിടെ പ്രസക്തമാണ്. സംസ്ഥാനത്തെ ഒരു ന്യൂനപക്ഷ സമൂഹമായ ലത്തീന്‍കാര്‍ക്ക് സാമൂഹിക നീതിയും ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന് നാം നിരന്തരം പോരാടേണ്ട രാഷ് ട്രീയ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സാമൂഹിക നീതിക്കും അധികാര പങ്കാളിത്തത്തിനുമായുള്ള രാഷ് ട്രീയ പോരാട്ടം നയിക്കാന്‍ സാമുദായിക സ്വത്വബോധമുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
തീരദേശത്തായാലും മലയോരത്തായാലും സംസ്ഥാനത്തെ ലത്തീന്‍ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്നങ്ങളോട് ഭരണകൂടം പുലര്‍ത്തുന്ന നിസംഗതയ്ക്കും നിഷേധാത്മക സമീപനത്തിനും രാഷ് ട്രീയമായി ശക്തമായ മറുപടി നല്‍കാനുള്ള അവസരം സമാഗതമാവുകയാണ്.
ആസന്നമായ തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും സഖ്യകക്ഷി സീറ്റ് വിഭജനത്തിലും ലത്തീന്‍ സമൂഹത്തിലെ വനിതകള്‍ക്കും യുവജനങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക നടപടികള്‍ കെആര്‍എല്‍സിസി രാഷ് ട്രീയകാര്യ സമിതി സംസ്ഥാനതലത്തിലും പ്രാദേശികതലങ്ങളിലും ഏകോപിപ്പിക്കുന്നുണ്ട്. തീരദേശം നിരന്തരമായി അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതര തീരദേശ സമൂഹങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രാഷ്ട്രീയകാര്യസമിതിയുടെ തുടര്‍ചര്‍ച്ചകളില്‍ കൂട്ടുകെട്ടുകള്‍, സ്ഥാനാര്‍ഥിത്വം, പിന്തുണ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാകും.
സാമൂഹിക, രാഷ് ട്രീയ അവബോധമുള്ള ചെറുപ്പക്കാരെയും വനിതകളെയും നേതൃനിരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതിന് പ്രാദേശിക രാഷ്ട്രീയകാര്യ സമിതികള്‍ പ്രത്യേക റിസോഴ്സ് ടീമുകള്‍ രൂപവത്കരിച്ച് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് വാര്‍ഡുകളിലെ സമുദായ വോട്ടുവിഹിതം തിട്ടപ്പെടുത്തി, വിജയസാധ്യതയുള്ളയിടങ്ങളില് അനാവശ്യ രാഷ് ട്രീയ തര്‍ക്കങ്ങളും ഗ്രൂപ്പ് ചേരിതിരിവും ഒഴിവാക്കി മികച്ച സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കുന്നതിന് ആവശ്യമായ ഏകോപനത്തിന് സഹായിക്കുക എന്നതാണ് പൊതുതത്വം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച്, ലത്തീന്‍ സമൂഹത്തിന്റെ താല്പര്യങ്ങളോട് ആഭിമുഖ്യമുള്ളവര്‍ തിരഞ്ഞെടുക്കപ്പെടണം എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്.
ജനാധിപത്യ ഭരണക്രമത്തിലെ അടിസ്ഥാനതലത്തിലുള്ള ത്രിതല പഞ്ചായത്ത് തദ്ദേശഭരണ സംവിധാനത്തില്‍, പൗരരും വോട്ടര്മാരുമെന്ന നിലയില്‍ നാം എത്രത്തോളം പങ്കുചേരുന്നുണ്ട്? തദ്ദേശ തിരഞ്ഞെടുപ്പിനായി വാര്‍ഡ് വിഭജനത്തിനു പിന്നാലെ പുതിയ പോളിങ് സ്റ്റേഷനുകളെ അടിസ്ഥാനമാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സമ്മറി റിവിഷന്‍ നടത്തി ഇക്കഴിഞ്ഞ ജൂണ്‍ 30ന് പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയില്‍ 9.78 ലക്ഷം വോട്ടര്‍മാരുടെ കുറവ് വന്നതായിട്ടുള്ള റിപ്പോര്‍ട്ട് ആശങ്ക ഉണര്‍ത്തുന്നതാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ജനുവരിയില്‍ തയാറാക്കിയ വോട്ടര്‍ പട്ടികയില്‍ സംസ്ഥാന കമ്മിഷന്റെ പട്ടികയിലേതിനെക്കാള്‍ 10.42 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്. വോട്ടര്‍ പട്ടികയില്‍ ഏതെങ്കിലും തരത്തില്‍ തിരിമറി നടന്നിട്ടുണ്ടെങ്കില്‍ അതിലെ അപാകതകള്‍ കണ്ടെത്തി തക്കസമയത്ത് തിരുത്താന്‍ വോട്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണം.
മാറ്റത്തിന്റെയും നവീകരണത്തിന്റെയും പുരോഗതിയുടെയും പ്രേരകശക്തിയാണ് യുവജനങ്ങള്‍. ഏതൊരു സമൂഹത്തിലെയും ഏറ്റവും ചലനാത്മകമായ വിഭാഗത്തെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്. യുവാക്കള്‍ നാളത്തെ നേതാക്കള്‍ മാത്രമല്ല, ഇന്നത്തെ മാറ്റത്തിന് കാരണക്കാരുമാണ്. കാലാവസ്ഥാ പ്രവര്‍ത്തനം, ഡിജിറ്റല്‍ പരിവര്‍ത്തനം, സാങ്കേതികവിദ്യ, സാമൂഹിക മാറ്റം, സാമ്പത്തിക പ്രതിരോധം എന്നിവയില്‍ അവര്‍ മുന്‍പന്തിയിലാണ്. ആക്ടിവിസം, നയരൂപീകരണം, സംരംഭകത്വം, സൃഷ്ടിപരമായ ആവിഷ്കാരം എന്നിവയിലൂടെ അവരുടെ പ്രവൃത്തികളാണ് ലോകത്തെ രൂപപ്പെടുത്തുന്നത്.
പ്രത്യാശയുടെ ജൂബിലിവേളയില്‍ രാജ്യാന്തരതലത്തില്‍ യുവജനങ്ങള്‍ വലിയ ഉണര്‍വോടെ കാത്തിരിക്കുന്നത് വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിന്റെയും പിയെര്‍ ജോര്‍ജോ ഫ്രസാത്തിയുടെയും വിശുദ്ധപദ പ്രഖ്യാപനമാണ്. ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യ ഓര്‍ഡിനറി കണ്‍സിസ്റ്ററിയിലാണ് ഇരുവരെയും ഒരുമിച്ച് 2025 സെപ്റ്റംബര്‍ ഏഴിന് വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ (1901 1925) ഇറ്റലിയിലെ ടൂറിനില്‍ ജീവിച്ച ഫ്രസാത്തിയും, മൂന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ ഇറ്റാലിയന്‍ വിശുദ്ധനാകുന്ന കാര്‍ലോ അക്കൂത്തിസും (1991 2006) തമ്മില്‍ പല കാര്യങ്ങളിലും അതിശയകരമായ സാദൃശ്യമുണ്ട്: ഇരുവരും ദിവ്യകാരുണ്യഭക്തരായിരുന്നു, ദിവസവും ദിവ്യബലിയില്‍ പങ്കുചേര്‍ന്നു, ജപമാല ചൊല്ലി. ഇരുവരും സുമുഖരും ആനന്ദചിത്തരുമായിരുന്നു. പാവപ്പെട്ടവരോട് എന്നും അന്പും കാരുണ്യവും കാട്ടി. ഒരാള്‍ ലുക്കീമിയ ബാധിച്ച് പതിനഞ്ചാം വയസിലും, മറ്റൊരാള്‍ പോളിയോ പിടിപെട്ട് ഇരുപത്തിനാലാം വയസിലും ദിവംഗതരായി. ഇരുവരുടെയും പൂജ്യഭൗതികദേഹം അഴുകാത്ത നിലയില്‍ കാണപ്പെട്ടു.
അഷ്ടസൗഭാഗ്യങ്ങളുടെ മനുഷ്യന് എന്നാണ് ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ 1990-ല്‍ ഫ്രസാത്തിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചപ്പോള്‍ വിശേഷിപ്പിച്ചത്. പിയെര്‍ ജോര്‍ജോ ഫ്രസാത്തിയുടെ പിതാവ് ആല്‍ഫ്രേദോ ഇറ്റലിയിലെ ‘ലാ സ്താമ്പാ’ എന്ന പ്രമുഖ ദിനപത്രത്തിന്റെ സ്ഥാപക എഡിറ്ററും ഇറ്റാലിയന്‍ സെനറ്റ് അംഗവും ജര്‍മനിയിലെ ഇറ്റാലിയന്‍ സ്ഥാനപതിയുമായിരുന്നു. രണ്ടായിരം ഇറ്റാലിയന്‍ സൈനികര്‍ യുദ്ധത്തില്‍ കനത്ത ആക്രമണം നേരിടുന്നതിനെക്കുറിച്ച് വീട്ടിലെ വേലക്കാരികളില്‍ ഒരാള്‍ പറഞ്ഞപ്പോള്‍, പതിമൂന്നുകാരനായ ജോര്‍ജോ അവളോടു പ്രതിവചിച്ചു: ”നാതലീനാ, യുദ്ധം അവസാനിപ്പിക്കാന്‍ നീ നിന്റെ ജീവന്‍തന്നെ നല്കുകയില്ലേ? ഞാന്‍ അതിനു തയാറാണ്, ഇന്നു തയാറാണ്.”
യുദ്ധം അവസാനിക്കുന്ന വാര്‍ത്ത എത്തിയത് 1918 നവംബര്‍ നാലിനാണ്. ജോര്‍ജോ, പല്ലോനെ ഇടവകപ്പള്ളിയിലെ മണിഗോപുരത്തിലേക്ക് ഓടി കൂട്ടമണിയടിച്ചു. യുദ്ധത്തില്‍ പരിക്കേറ്റ സൈനികരുടെ തിരിച്ചുവരവും, വേദനയിലും ദുരിതത്തിലും തൊഴിലില്ലായ്മയിലും അവര്‍ കഷ്ടപ്പെടുന്നതും കണ്ട് അവരെ സഹായിക്കാനുറച്ചാണ് ജോര്‍ജോ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍ ചേരുന്നത്. ഇറ്റലിയില്‍ കത്തോലിക്കര്‍ക്ക് രാഷ് ട്രീയപ്രവര്‍ത്തനം വിലക്കപ്പെട്ടിരുന്നു. ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പാ ആ നിരോധനം നീക്കി. വൈദികരും മറ്റും ചേര്‍ന്ന് ഇറ്റാലിയന്‍ പോപ്പുലര്‍ പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ ജോര്‍ജോ അതില്‍ ചേര്‍ന്നു, ‘ഇല് ദൂച്ചെ’ എന്ന ഇറ്റലിയുടെ സ്വേച്ഛാധിപതി ബെനിത്തോ മുസ്സൊളീനിയുടെ നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടിയെയും ഫാഷിസത്തെയും എതിര്‍ത്തു, പ്രകടനങ്ങളില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു. ഇറ്റാലിയന്‍ കാത്തലിക് സ്റ്റുഡന്റ്സ് ഫെഡറേഷന് അംഗമായി കാത്തലിക് ആക് ഷന് പ്രസ്ഥാനത്തില്‍ അവന് സജീവമായി. ഇതിനിടെ, രാത്രി മുഴുവന്‍ ദിവ്യകാരുണ്യ ആരാധന നടത്തുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ സഖ്യത്തിലും അവനുണ്ടായിരുന്നു.
കത്തോലിക്കാ സാമൂഹിക പ്രബോധനത്തിന്റെ മൂലപാഠമായ ലെയോ പതിമൂന്നാമന്‍ പാപ്പായുടെ ‘റേരും നൊവാരും’ ചാക്രികലേഖനത്തിന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കാനും തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായി പൊരുതാനുമായി ‘മൊമെന്തോ’ എന്ന പത്രം ജോര്ജോയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചു.
ഡോമിനിക്കന്‍ മൂന്നാം സഭയിലും യുവ കത്തോലിക്കാ തൊഴിലാളികളുടെ ‘മിലിത്തെസ് മരിയെ’ സഖ്യത്തിലും അംഗമായ ജോര്‍ജോ ടൂറിന് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും യാചകരെയും രോഗികളെയും നിരാലംബരെയും ആരോരുമറിയാതെ സഹായിച്ചും ശുശ്രൂഷിച്ചും തനിക്കുള്ളതെല്ലാം അവരുമായി പങ്കുവച്ചും കഴിയുമ്പോള്‍തന്നെ പര്‍വതാരോഹണത്തിലും ഹൈക്കിങ്ങിലും സ്പോര്‍ട്സിലും കലകളിലുമൊക്കെ ശ്രദ്ധേയനാവുകയും ചെയ്തു. രോഗികളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാകണം ജോര്ജോയ്ക്ക് പോളിയോ പിടിപെട്ടതെന്നാണ് നിഗമനം. ജോര്ജോയുടെ മൃതസംസ്കാരശുശ്രൂഷയ്ക്ക് എത്തിച്ചേര്‍ന്ന പാവപ്പെട്ടവരുടെ ബാഹുല്യം കണ്ട് അവന്റെ കുടുംബക്കാര് അമ്പരന്നുവെന്നാണ് സാക്ഷ്യം.
ഇന്നത്തെ സാമൂഹിക, രാഷ് ട്രീയ പ്രതിസന്ധികളോട് പ്രതികരിക്കാന്‍ ക്രൈസ്തവ യുവതയ്ക്ക് ഫ്രസാത്തിയുടെ ജീവിതവും ദര്‍ശനവും വലിയ മാതൃകയാണ്.
തന്റെ ജന്മനാടായ ഷിക്കാഗോയിലെ വൈറ്റ് സോക്സ് മേജര്‍ ലീഗ് ബെയ്സ്ബോള്‍ ടീമിന്റെ റെയ്റ്റ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ യുവജനങ്ങളോട് ലെയോ പാപ്പാ വത്തിക്കാനില്‍ നിന്നുള്ള വീഡിയോ സന്ദേശത്തില്‍ പറഞ്ഞു: ”വിഭജിക്കപ്പെട്ട ലോകത്തില്‍ സമാധാനത്തിന്റെ കാര്യകര്ത്താക്കളാകുക. ദൈവസ്നേഹം പുല്കിക്കൊണ്ട് സമൂഹത്തെ കെട്ടിപ്പടുക്കുക, ലോകത്തിന് പ്രത്യാശയുടെ പ്രകാശഗോപുരമാകുക. കര്‍ത്താവിന്റെ സ്നേഹവും സമാധാനവും നിങ്ങളില്‍ നിറയട്ടെ. ലോകത്തിനു മുഴുവനുമായി നിങ്ങള്‍ പ്രത്യാശയുടെയും സമാധാനത്തിന്റെയും അടയാളമാകട്ടെ.”