ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന അപകടത്തിൽ കൊല്ലപ്പെട്ട രണ്ടു ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി പോയി എന്ന് പരാതി. ഈ ആരോപണത്തിൽ മറുപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നു. പ്രോട്ടോകോൾ അനുസരിച്ചാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്നും എല്ലാ ആദരവോടെയും ആണ് മൃതദേഹങ്ങൾ കൈമാറിയതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്നലെ ആണ് മൃതദേഹങ്ങൾ മാറിപ്പോയി എന്ന ആക്ഷേപം ഉയർന്നത്. അതിനെ തുടർന്ന് ബ്രിട്ടീഷ് ഗവൺമെന്റുമായി ആശയവിനിമയം നടത്തുകയും പ്രശ്നപരിഹാരത്തിനായി വേണ്ട നടപടികൾ എല്ലാം ചെയ്തെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു.
യുകെ പൗരന്മാരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ ജെയിംസ് ഹീലി പ്രാറ്റാണ് ആരോപണവുമായി രംഗത്തെത്തിയത്. യു.കെയിൽ എത്തിച്ച മൃതദേഹങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മരിച്ചവരുടെ ഡിഎൻഎ കുടുംബങ്ങളുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിഞ്ഞതായി ജെയിംസ് ഹീലി ആരോപിച്ചിരുന്നു. മൃതദേഹങ്ങൾ മാറിപ്പോയ സംഭവം കുടുംബങ്ങളെ അതീവ ദുഖത്തിലാക്കിയെന്നും എയർ ഇന്ത്യയിൽ നിന്നടക്കമുളള ഔദ്യോഗിക പ്രതികരണങ്ങൾക്കായി മരിച്ചവരുടെ കുടുംബങ്ങൾ കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 261 പേരിൽ 52 പേർ ബ്രിട്ടീഷുകാരായിരുന്നു. ഇവരിൽ 12 ബ്രിട്ടീഷ് പൗരന്മാരുടെ ഭൗതിക ശരീരങ്ങളാണ് ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. നിരവധി ബ്രിട്ടീഷ് പൗരന്മാരുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ത്യയിൽ നടത്തിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെ യുകെയിലേക്ക് അയച്ച മൃതദേഹാവശിഷ്ടങ്ങളിൽ പലതും സംസ്കരിച്ചിരുന്നു. എന്നാൽ രണ്ട് കുടുംബങ്ങൾ ഡിഎൻഎ പരിശോധന നടത്തി. ഇതോടെയാണ് തങ്ങൾക്ക് ലഭിച്ച മൃതദേഹങ്ങൾ ബന്ധുക്കളുടേതല്ലെന്ന് അവർ തിരിച്ചറിഞ്ഞത്.
ജൂൺ 12 നാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് അപകടമുണ്ടായത്. 260 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം അഗ്നിഗോളമായി മാറി നിലംപതിക്കുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഡി എൻ എ പരിശോധന നടത്തിയ ശേഷമാണ് ബന്ധുക്കൾക്ക് മൃതദേഹവശിഷ്ടങ്ങൾ വിട്ടുനൽകിയത്