തൃശൂർ: വീടിനു പുറത്താണങ്കിലും നേർത്ത മഴയും കുളിരുമറിയാതെ ഇന്നലെ “മനസ്സമാധാനത്തോടെ’ എൺപതുകാരൻ തോമസ് ഉറങ്ങിക്കിടന്നു. കരഞ്ഞു വറ്റിയ കണ്ണും മനസ്സും മാത്രമായി അരികിൽ ഭാര്യ റോസിലിയും. ഒരു ദിവസത്തേക്കു മാത്രമായി സ്വന്തം വീട്ടുമുറ്റത്ത് ചുറ്റുംകൂടിയ നാട്ടുകാർക്കിടയിൽ മരണം വീണ്ടും ഒന്നിപ്പിച്ച അനാഥർ.
അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടി പ്പോയതോടെ ആണ് അരിമ്പൂർ കൈപ്പിള്ളി പ്ലാക്കൻ തോമസും റോസിലിയും രണ്ടാമതും വീടിനു പുറത്തായത്. പനി ബാധിച്ച് ഇന്നലെ പുലർചെ മണലൂർ സാൻജോസ് കെയർഹോമിലായിരുന്നു തോമസിന്റെ മരണം. സ്വന്തം വീട്ടിലെ ശുശ്രൂഷ യ്ക്കു ശേഷം ഇടവക പള്ളി യിൽ അന്ത്യനിദ്ര നൽകാനാണ് രാവിലെ ഒൻപതരയോടെ മൃതദേഹം വീട്ടിലേക്കെത്തിച്ചത്.
കാരമുക്ക് കൃപാസദനത്തിൽ നിന്ന് റോസിലിയെയും കൊണ്ടുവന്നു. അച്ഛന്റെ മൃതദേഹം മുറ്റത്തെത്തിയതറിഞ്ഞ് മകൻ ജെയ്സനും മരുമകൾ റിൻസിയും വീടു പൂട്ടി പോകുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. മകനോടു തിരിച്ചുവന്ന് മൃതദേഹം അകത്തുകയറ്റാൻ കുടുംബവുമായി അടുപ്പമുള്ള പലരും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പഞ്ചായത്ത് അധികൃതരും അന്തിക്കാട് പൊലീസും പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.
പുറത്താക്കിയ വീട്ടിലേക്ക് തങ്ങൾക്ക് ഇനി കയറേണ്ടെന്ന് തോമസിന്റെ ഭാര്യ റോസിലി തീരുമാനിച്ചതോടെ മൃതദേഹം മഞ്ചയിൽ മുറ്റത്തു കിടത്തുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ അടക്കം ചെയ്യുംവരെ വീട് അടഞ്ഞുതന്നെ കിടന്നു. ജോയ്സി ആണ് മറ്റൊരു മകൾ. മരുമകൻ: വിൻസൻ.
മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും വീട്ടിൽ നിൽക്കാൻ ബുദ്ധി മുട്ടാണെന്നും അന്തിക്കാട് പൊലീസിനു പരാതി നൽകി എട്ടുമാസം മുൻപാണ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളിൽ അന്തേവാസകളായത്.