പുരാണം / ജെയിംസ് അഗസ്റ്റിന്
സ്നേഹത്തിന് മലരുകള്‍ തേടി തേടി
വരുന്നു വരുന്നു ദൈവം
ഹൃദയത്തില്‍ പാര്‍പ്പിടം തേടി തേടി
വരുന്നു വരുന്നു ദൈവം
ആരു നീ പാപിയാമെന്നില്‍
വന്നു വാഴുവാനാശ കൊള്ളുന്നു
സ്നേഹമേ മണല്ക്കാട്ടില് ശീതള
നീര്ത്തടാകം തീര്‍ത്തിടുന്നു നീ
മലരുകള്‍ വിരിച്ചില്ലല്ലോ
നിനക്കായ് തോരണം ചാര്‍ത്തിയില്ലല്ലോ
വരണമേ പരിമളം തൂകി എന്റെ
കരളിനുള്ളില് കതിരു വീശാന്‍…
സുവര്‍ണജൂബിലി ആഘോഷിക്കുന്നൊരു ദിവ്യകാരുണ്യഗീതമാണിത്. 1975-ല്‍ റിലീസ് ചെയ്ത ‘ക്രൈസ്റ്റ് ദി സേവിയര്‍’ എന്ന എല്‍.പി. റെക്കോര്‍ഡിലെ ഗാനം. ഫാ.ആബേല്‍ സിഎംഐ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് കെ.കെ. ആന്റണി മാസ്റ്ററാണ്. വാണി ജയറാമിന്റെ മനോഹരമായ ആലാപനം കൂടി ചേര്‍ന്നപ്പോള്‍ ഈ ഗാനം അന്നത്തെ ദേവാലയ ഗായകസംഘങ്ങള്‍ക്കു പ്രിയതരമായി മാറി.

ഫാ.ആബേല്‍ സിഎംഐ
ഇന്നത്തെപ്പോലെ അനേകം ഗാനങ്ങള്‍ അന്ന് ലഭ്യമായിരുന്നില്ല. ഒരു ആല്‍ബം നിര്‍മിക്കുന്നതിനു വലിയ ചെലവ് വരും. കേരളത്തില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോകളും അപൂര്‍വമായി മാത്രം. എല്ലാറ്റിനും മദ്രാസില്‍(ചെന്നൈ) പോകണം. ലഭ്യമായ പാട്ടുകള്‍ എല്ലാം പള്ളിയില്‍ പാടുന്നതിനു യോഗ്യമായവ ആയിരിക്കണമെന്നില്ല. ആരാധനാക്രമങ്ങളില്‍ പാടുന്നതിനു അനുവാദവും വേണം. പാട്ടുകളുടെ വരികള്‍ പരിശോധിച്ച് ദേവാലയസംഗീതത്തിനു അനുയോജ്യമാണെങ്കില്‍ മാത്രമാണ് ദിവ്യബലിയില്‍ പാടിയിരുന്നത്.
പാട്ടുകളുടെ ഗ്രാമഫോണ്‍, എല്‍.പി. റെക്കോര്‍ഡുകള്‍ ഇറങ്ങിയാലും കേള്‍ക്കാനുള്ള സംവിധാനം എല്ലായിടത്തും ഉണ്ടായിരുന്നില്ല. റെക്കോര്‍ഡ് പ്ലെയറുകള്‍ ആഢംബരവസ്തുവായിരുന്നു. റെക്കോര്‍ഡ് പ്ലെയറില്‍ നിന്നും പാട്ടുകള്‍ കേള്‍ക്കാന്‍ സൗകര്യം ഉണ്ടായിരുന്ന ഗായകര്‍ ഈ പാട്ടുകള്‍ പഠിക്കുകയും തങ്ങളുടെ ഇടവകയിലെ തിരുക്കര്‍മങ്ങളില്‍ പാടുകയും ചെയ്തുപോന്നു.
‘ക്രൈസ്റ്റ് ദി സേവിയര്‍’ എന്ന ആല്‍ബത്തില്‍ 12 പാട്ടുകള്‍ ഉണ്ടായിരുന്നു. അതില്‍ പത്തു പാട്ടുകള്‍ എഴുതിയത് ആബേലച്ചനായിരുന്നു. കരിങ്കുന്നം ചന്ദ്രന്, ഏഴുമംഗലം കരുണാകരന് എന്നിവരുടെ ഓരോ രചനകളും ഉണ്ടായിരുന്നു. 12 പാട്ടുകള്‍ക്കും ഈണം നല്‍കിയത് ആന്റണി മാസ്റ്ററായിരുന്നു. ജോളി എബ്രഹാം, വാണി ജയറാം, ബി.വസന്ത, പി.കെ.മനോഹരന്, ഷെറിന് പീറ്റേഴ്സ് എന്നിവരായിരുന്നു ഗായകര്‍.
ഫാ. ആബേല്‍- കെ.കെ.ആന്റണി സഖ്യം കേരള കത്തോലിക്കാസഭയുടെ ആരാധനാക്രമത്തിനു മഹിതമായ സൃഷ്ടികള്‍ നല്‍കിയിട്ടുണ്ട്. ‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ എന്റെ ഹൃദയത്തില്‍, മനുഷ്യാ നീ മണ്ണാകുന്നു തുടങ്ങിയ ഗാനങ്ങളെല്ലാം ഇവരുടെ സൃഷ്ടികളാണ്.

1952 -ല്‍ ദീപിക പത്രത്തില്‍ സേവനം ആരംഭിച്ച ഫാ.ആബേല്‍ അടുത്ത വര്‍ഷം ഉപരിപഠനത്തിനായി റോമിലേക്കു പോയി. പത്രപ്രവര്‍ത്തനം, രാഷ്ട്രതന്ത്രം എന്നിവയില്‍ ഡോക്ടറേറ്റ് നേടിയ ശേഷം തിരിച്ചെത്തിയ ഫാ.ആബേല്‍ 1961 വരെ ദീപിക പത്രത്തില്‍ അസിസ്റ്റന്റ് മാനേജിംഗ് എഡിറ്ററായി ജോലി ചെയ്തു. ഈ നാളുകളിലാണ് ഗാനരചനയും കവിതാരചനയും ആരംഭിക്കുന്നത്. തുടര്‍ന്ന് കുറച്ചുനാള്‍ ദേവഗിരി സെന്റ്. ജോസഫ് കോളജില്‍ പ്രൊഫസര്‍ ആയും സേവനം ചെയ്തു. കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ ആവശ്യപ്രകാരം സുറിയാനി ഭാഷയില്‍ നിന്നു പ്രാര്‍ഥനകളും പാട്ടുകളും മലയാളത്തിലേക്കു തര്‍ജമ ചെയ്യാനുള്ള ചുമതല ഏറ്റെടുത്തു. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി 1969-ല്‍ കലാഭവന്‍ എന്ന വലിയ പ്രസ്ഥാനം ഫാ. ആബേല്‍ ആരംഭിച്ചു. 2001 ഒക്ടോബര്‍ 27 നു അദ്ദേഹം ലോകത്തോടു വിട പറഞ്ഞു.
1924 ഏപ്രില്‍ 27നു തൃശൂര്‍ ജില്ലയിലെ വെളയനാട് എന്ന സ്ഥലത്താണ് കെ.കെ. ആന്റണി മാസ്റ്റര്‍ ജനിച്ചത്. കാനംകൂടം കുഞ്ഞുവറീത് ആന്റണി കുട്ടിക്കാലത്തു സ്വന്തം ജ്യേഷ്ഠന് കുഞ്ഞുവര്ക്കിയില് നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്. ബാലനായിരിക്കെ തന്നെ ദേവാലയഗായകസംഘത്തില് അംഗമായിരുന്നു. പത്തൊന്‍പതാം വയസ്സില്‍ ശ്രീലങ്കയിലേക്കു കുടിയേറിയ അദ്ദേഹം എ.ആര്. കൃഷ്ണന് ഭാഗവതരുടെയും മറ്റു പ്രശസ്ത ഗുരുക്കന്മാരുടെയും കീഴില്‍ സംഗീതം അഭ്യസിച്ചു. അവിടത്തെ സൈവ മങ്കയാര് തിലകം സംഗീത അക്കാദമിയില്‍ സംഗീത അധ്യാപകനായി സേവനം ചെയ്തു. ശ്രീലങ്കന്‍ റേഡിയോയില്‍ കര്‍ണാടക സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. 1965 മുതല്‍ 1969 വരെ മലേഷ്യയില്‍ സംഗീതാധ്യാപകനായും ടെലിവിഷന്‍ പ്രോഗ്രാം ഓര്‍ഗനൈസറായും ജോലി ചെയ്തു.

വാണി ജയറാം
1969-ല്‍ കേരളത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഫാ. ആബേല്‍, യേശുദാസ് എന്നിവരോടൊപ്പം ചേര്‍ന്നു ചരിത്രമായി മാറിയ സംഗീതസപര്യ തുടങ്ങി. പ്രശസ്തങ്ങളായ നിരവധി ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ നിന്നു നമുക്കു ലഭിച്ചു. 1987 മാര്‍ച്ച് 16ന് അറുപത്തിമൂന്നാം വയസ്സില്‍ അദ്ദേഹം നിര്യാതനായി.
ഈ ഗാനത്തിന് ശബ്ദം നല്കിയ പദ്മഭൂഷണ്‍ വാണി ജയറാം 1945 നവംബര്‍ 30നു മദ്രാസിലാണ് ജനിച്ചത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമാഗാനങ്ങള്‍ പാടിയിട്ടുള്ള വാണി ജയറാം മൂന്നു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ഗസല്‍, ഭജന്‍ തുടങ്ങി സംഗീതത്തിന്റെ എല്ലാ തലങ്ങളിലും പ്രതിഭ തെളിയിച്ച വാണി ജയറാം ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിരുന്നു. നല്ലൊരു ചിത്രകാരിയും ആയിരുന്നു. മലയാളത്തില്‍ പ്രശസ്തമായ അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 4ന് ആ നാദം നിലച്ചു.
‘സ്നേഹത്തിന് മലരുകള്‍ തേടി’ എന്ന ഗാനം സൃഷ്ടിച്ച മൂന്നുപേരും ഇന്നു നമ്മോടൊപ്പമില്ലെങ്കിലും ഈ ഗാനം ഇന്നും ദേവാലയങ്ങളില്‍ നമുക്കു കേള്‍ക്കാം.