പക്ഷം /ഡോ. ഗാസ്പര്‍ സന്ന്യാസി
നസ്രാണി ദീപിക 1918-ല്‍ എഴുതിയ ഒരു മുഖപ്രസംഗം (ആ വര്‍ഷം നവംബറില്‍ പ്രസിദ്ധം ചെയ്തത്), ഈ കഴിഞ്ഞ ദിവസത്തെ, ശ്രീ. വെള്ളാപ്പള്ളി നടേശന്റെ കോട്ടയം പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒന്ന് വായിച്ചുനോക്കണമെന്ന്തോന്നി. അവശത അനുഭവിക്കുന്ന ഒരു സഹോദര സമുദായ സമൂഹത്തെ, ഈഴവ സമൂഹത്തെ അവരുടെ ഉന്നമനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് ദീപിക അന്ന് എഴുതിയിട്ടുള്ള മുഖപ്രസംഗമാണത്. ആ സമയത്തുതന്നെ
മിതവാദി സി. കൃഷ്ണന്, മിതവാദി പത്രത്തില്‍ ഈ മുഖപ്രസംഗം എടുത്തെഴുതി പ്രചാരം കൊടുക്കുകയും ചെയ്യുന്നുണ്ട്. പി.കെ. ബാലകൃഷ്ണന്റെ ‘നാരായണഗുരു’ സമാഹാരത്തില്‍ ഈ മുഖപ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ എടുത്തെഴുതിയിട്ടുണ്ട്. ഇപ്പോഴിത് ഓര്‍മിക്കാനും പറയാനുമുള്ള കാരണം കോട്ടയം എസ്എന്‍ഡിപി ശാഖാ നേതൃസംഗമം ഉദ്ഘാടനം
ചെയ്തുകൊണ്ട് ശ്രീ. നടേശന് നടത്തിയ പ്രസംഗത്തിന്റെ തീവ്രത പൊള്ളിച്ചതുകൊണ്ടാണ്.
കേരളത്തിന്റെ ജനാധിപത്യസമൂഹത്തില്‍ മത-സമുദായങ്ങള്‍ അവരവരുടെ രീതിയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് വാസ്തവമായ കാര്യമാണ്. ചില നേരങ്ങളില്‍ സാമുദായിക ബലാബലങ്ങളുടെ ഞാണിന്മേല്ക്കളിയില് നിയന്ത്രണങ്ങള്‍ വിട്ടുപോകുമെങ്കിലും, സംഗതി കൈവിട്ടുപോകുന്നത് ശരിയല്ലല്ലോ എന്ന തിരിച്ചറിവില്‍ സമുദായങ്ങള്‍ നേതൃത്വത്തിന്റെ സഹായത്തോടെ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. പരസ്പരം ആശ്രയിച്ചും പിന്താങ്ങിയും ഒരുമിച്ച് സമുദായങ്ങള്‍ മുന്നേറുന്ന സുന്ദരസുരഭില മോഹങ്ങളൊന്നും എപ്പോഴും നടപ്പിലാകില്ലെങ്കിലും, നസ്രാണി ദീപികയുടെ മുഖപ്രസംഗം ഓര്‍മപ്പെടുത്തും വിധമുള്ള ചില സപ്പോര്‍ട്ടുകള്‍ സമുദായങ്ങള്‍ പരസ്പരം നല്‍കിയിരുന്നുവെന്ന സുവര്‍ണമായ ഓര്‍മപ്പെടുത്തലുകളും ചരിത്രം നല്‍കുന്നുണ്ടെന്ന് പറയുകയാണ്.
കോട്ടയം പ്രസംഗം കേള്‍ക്കുമ്പോള്‍ ‘ശ്രദ്ധിക്കണ്ടേ അമ്പാനേ’ എന്ന സിനിമാ ഡയലോഗ്പറയാനാണ് തോന്നിയത്.
എല്ലാ സമുദായങ്ങളിലും അവശത അനുഭവിക്കുന്ന ജനങ്ങള്‍ ഉണ്ട്. സമുദായം എന്ന നിലയില്‍ ഓരോ സാമൂഹ്യവിഭാഗത്തിന്റെയും ഉന്നമനത്തിന് ഓരോ കാലത്തെയും നിയമനിര്‍മാണസഭകള്‍ ചില കാര്യങ്ങള്‍ കാര്യമാത്ര പ്രസക്തമായി ചെയ്തുവരികയും ചെയ്യുന്നുണ്ട്. ഒന്നും ചെയ്തില്ല, ഇവിടെ ഒന്നും കിട്ടിയില്ല, ആരും ഇവിടെ ഒന്നും വിളമ്പിയില്ല എന്ന് ഇടയ്ക്കിടെ പരിദേവനങ്ങള്‍ ഉയരുമെങ്കിലും, അത് കൂടുതല്‍ കിട്ടാനുള്ള അര്‍ഹതയുണ്ടെന്ന ജനാധിപത്യ സമൂഹത്തിലെ വിവിധ സമുദായങ്ങളുടെ ഓര്‍മപ്പെടുത്തലായി മാത്രം പരിഗണിച്ചാല്‍ മതിയാകും. എനിക്കു കിട്ടിയില്ലാ എന്നത് നീ കാരണമാ
ണ്, നീ മാത്രമാണ് അതിന് കാരണം എന്ന് പറഞ്ഞുതുടങ്ങുമ്പോള്‍ സംഗതി കൈയില്‍ നിന്നും പോകുന്നതായി തോന്നും. മറ്റുള്ളവര്‍ക്ക് വാരിക്കോരിക്കൊടുക്കുമ്പോള്‍ ഞങ്ങളെയും ശ്രദ്ധിക്കണമെന്നു പറയുന്നതില്‍ വലിയ പിശകുണ്ടാകില്ല.
നീയുള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് കിട്ടാത്തത് എന്നതിന്റെ ധ്വനി അപകടകരവും വശപ്പിശകുള്ളതുമാണ്.
സമുദായ നേതൃത്വങ്ങളുടെ സ്വാധീനം നിര്ണായകമായവിധം സമുദായാംഗങ്ങളുടെ മീതെ ഉണ്ടാകും എന്നു കരുതുന്നതുകൊണ്ടുകൂടിയാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃനിരയിലുള്ളവര്‍ പലപ്പോഴും പല വിധത്തിലും, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലത്ത്, കണിച്ചുകുളങ്ങരയിലും പെരുന്നയിലും പാണക്കാട്ടും ക്രൈസ്തവ മേലധ്യക്ഷരുടെ വീടുകളിലും സന്ദര്‍ശനം നടത്തിവരാറുള്ളത്. ദാ, നിങ്ങളെ ഞങ്ങള്‍ പരിഗണിക്കുന്നുവെന്ന ഒരുധാരണ ഉയര്‍ത്തിനിര്‍ത്തുകയും, അവരവരുടെ സമൂഹമാധ്യമ പി.ആര്.ഒ. വര്‍ക്കിലൂടെ ഈ ധാരണയ്ക്ക് പ്രചാരം കൊടുക്കുകയും ചെയ്തുവരുന്ന പ്രതിഭാസം ഇപ്പോള്‍ പ്രബലവുമാണ്.
ഉന്നതമൂല്യങ്ങള്‍ പുലര്‍ത്തുന്ന ജനാധിപത്യസമൂഹങ്ങളില്‍ പൗരസമൂഹം തങ്ങളുടെ സ്വതന്ത്രമായ ചിന്തയിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കും എന്നെല്ലാം പറയുമെങ്കിലും, കാപ്സ്യൂളുകളും പി.ആര്.ഒ. തന്ത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പൗരസ്വാതന്ത്ര്യം നിര്‍മിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, അപകടകരമാം വിധം പല പ്രസ്താവനകളും കൈവിട്ടുപോകാറുമുണ്ട്.
ലത്തീന്‍ കത്തോലിക്കരുടെയടക്കം ഉന്നമനത്തിനുവേണ്ടിയുള്ള പഠനം നടത്തിയ ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍
പുറത്തുവിടാത്തതിനെപ്പറ്റി അവര്‍ക്ക് ഈ ജനാധിപത്യസമൂഹത്തില്‍ സംസാരിക്കാം. മറ്റ് സമുദായങ്ങള്‍ക്ക് അതിനെ സപ്പോര്ട്ടുചെയ്യാം. എന്നാല്‍ ഇതരസമുദായങ്ങളുടെ സ്വാധീനം കൊണ്ടാണ് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവരാത്തത് എന്ന് ആരെങ്കിലും തട്ടിമൂളിച്ചാല് (സംഗതി ചില നേരങ്ങളില്‍ ഇത് സത്യമായി വരുമെങ്കില്ത്തന്നെയും) കഥ മാറിമറിയും. അതുതന്നെ
യാണ് കോട്ടയം പ്രസംഗത്തിലെ അപകടസൂചനകള്‍.
കണിച്ചുകുളങ്ങര കേന്ദ്രീകരിച്ച് പുകഞ്ഞുകത്തുന്ന ചില കേസുകളും കോലാഹലങ്ങളും വാര്‍ത്തകളില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതും, പണ്ടേപ്പോലെ സമുദായാംഗങ്ങളില്‍ തന്നോടു മതിപ്പില്ലേയെന്ന തോന്നലും, ചില സംഘടനാ ഉള്‍പ്പോരുകളും, സൈബര്‍ലോകത്തെ ആശയ പ്രചാരണ ആക്രമണങ്ങളും എല്ലാം കൂടിച്ചേര്‍ന്ന്, തന്റെ ഗ്രിപ്പ് നഷ്ടപ്പെടുന്നുവോ എന്ന ഉത്ക്കണ്ഠയാണ്, ഈ മിസൈല്‍ വര്‍ഷത്തിന്റെ പൊടുന്നനെയുള്ള പശ്ചാത്തലമെങ്കിലും, നവോത്ഥാനസദസ്സിന്റെ നേതാവിന്, ചില പുത്തന്‍ രാഷ്ട്രീയ പരീക്ഷണങ്ങളിലും പങ്കുണ്ടെന്ന് സാമൂഹ്യനിരീക്ഷകരായ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിക്കാര്
ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്തായാലും കൈവിട്ട കളികള്‍ കേരളത്തിന്റെ സാമുദായിക സന്തുലനത്തിന്റെ, സമാധാനപൂര്‍ണമായ സഹവാസത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കും.
ഏതെങ്കിലും ഒരു സമുദായത്തിന്റേയോ രാഷ്ട്രീയപ്പാര്‍ട്ടിയുടേയോ മാത്രം ഉത്തരവാദിത്തമല്ല രാജ്യത്തിന്റെ മതേതരതയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കേണ്ടത് എന്ന് എല്ലാവര്ക്കും അറിയാമെന്നിരിക്കലും, ചില നേരങ്ങളിലെ വായ്വിട്ട വാക്കുകള്‍ കൈവിട്ട ആയുധംപോലെ സമൂഹഗാത്രത്തെ മുറിവേല്‍പ്പിക്കും എന്ന് നേതൃനിരയിലുള്ളവര്‍ ഓര്‍മിക്കണം. ‘അധികാരം കൊയ്യണം നാമാദ്യം അതിനു മേലാകട്ടെ പൊന്നാര്യന്‍’ എന്ന് ഇടശ്ശേരി എഴുതിയപ്പോള്‍ കവി ഓര്‍ത്തുകാണില്ല, അധികാരം കൊയ്യാന്‍ എന്ത് കുതന്ത്രവും പില്ക്കാലം എടുത്ത് വീശുമെന്ന്!
സമൂഹമാധ്യമകാലം വച്ചുനീട്ടിയിട്ടുള്ള കാട്ടുതീ പ്രചാരണ കാലത്ത്, റീച്ച് കൂടുതലായി കിട്ടുന്ന വാമൊഴി വഴക്കക്കാരോട്, ‘ശ്രദ്ധിക്കണ്ടേ അമ്പാനേ’ എന്നു മാത്രമേ ഒരു ജനാധിപത്യസമൂഹത്തിന് പറയാന്‍ വകുപ്പുള്ളൂ.
പിന്കുറിപ്പ്
വിട! വി.എസ്.