വത്തിക്കാൻ സിറ്റി: ഇസ്രായേൽ ഗാസയിലെ നിവാസികളെ വംശഹത്യനടത്തുന്നു എന്ന ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ശിക്ഷാ കോടതിയിൽ സമർപ്പിച്ച പരാതിയെ തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കാ മെത്രാന്മാർ അനുകൂലിക്കുന്നു.
ഗാസയിലെ തിരുക്കുടുംബ ഇടവകദേവാലയത്തിനു നേർക്കു ഇസ്രായേൽ ബോംബാക്രമണം നടത്തിയ ജൂലൈ 17-ന് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ദക്ഷിണാഫ്രിക്ക, ബൊത്സ്വാന, എസ്വാറ്റിൻ എന്നീ തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കമെത്രാന്മാരുടെ സംഘമായ എസ് എ സി ബി സി (SACBC) ഈ അനുകൂല നിലപാട് പ്രഖ്യാപിച്ചത്.
ഹമാസ് 2023 ഒക്ടോബർ 7-ന് ഇസ്രായേൽക്കാർക്കെതിരെ നടത്തിയ വംശഹത്യാപരമായ ആക്രമണത്തിനു ബദലായ ഇസ്രായേലിൻറെ നടപടികൾ ഇപ്പോൾ ലോകമെമ്പാടും വംശഹത്യയും വംശീയ ശുദ്ധീകരണവുമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും തങ്ങളുടെ അഭിപ്രായവും ഇതുതന്നെയാണെന്നും മെത്രാന്മാർ പറയുന്നു.
ദക്ഷിണാഫ്രിക്കയുടെ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ പരാതിപ്പെട്ട ഈ നടപടി അക്രമപരമ്പരയ്ക്ക് അറുതിവരുത്താൻ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളെ പ്രേരിപ്പിക്കുമെന്ന് മെത്രാന്മാർ കരുതുന്നു