ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.അനാരോഗ്യം ചൂണ്ടാക്കിട്ടിയുള്ള രാജി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മുമ്പ് മുതിർന്ന നേതാക്കളുമായി സംസാരിച്ചെങ്കിലും ആരോഗ്യപരമായ ആശങ്കകളെക്കുറിച്ചോ സ്ഥാനമൊഴിയാനുള്ള തീരുമാനത്തെക്കുറിച്ചോ ഒരു സൂചന പോലും അദേഹം നൽകിയിരുന്നില്ല.
രാജി വാർത്തകൾ പുറത്തു വരുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ധൻകറുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വെളിപ്പെടുത്തി. രാജ്യസഭയിൽ നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നവരാണ് ഇരുവരും.
പ്രമോദ് തിവാരി, അഖിലേഷ് പ്രസാദ് സിങ് എന്നിവർക്കൊപ്പം ഇന്നലെ വൈകുന്നേരമാണ് ജയറാം രമേശ് ധൻകറുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് രാവിലെ പത്തിന് നടക്കാനിരുന്ന ബിസിനസ് ഉപദേശക സമിതി യോഗത്തെക്കുറിച്ചാണ് ധൻകർ സംസാരിച്ചത്.
എല്ലാം സാധാരണ രീതിയിലായിരുന്നു. ധൻകർ ആരോഗ്യവാനാണെന്നും രാജി വയ്ക്കുന്നതിൻ്റെ യാതൊരു സൂചനയും ചർച്ചയുടെ സമയത്ത് പ്രകടിപ്പിച്ചിരുന്നില്ലെന്നുമാണ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞത്. പുതിയ കമ്മിറ്റിയിൽ ധൻകറിനെ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള ചർച്ച പോലും നടത്തിയിരുന്നതായും അദേഹം പറഞ്ഞു.
രാജ്യസഭാധ്യക്ഷൻ കൂടിയായ ജഗദീപ് ധൻകറിന്റെ രാജിയുണ്ടാക്കിയ അമ്പരപ്പ് പങ്കുവെച്ച് സമാജ്വാദി പാർട്ടി എംപി അഖിലേഷ് യാദവും രംഗത്ത് വന്നു. രാജി പ്രഖ്യാപിച്ച ഇന്നലെ വൈകുന്നേരം ആറിന് ജഗദീപ് ധൻകറെ കണ്ടത് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് അമ്പരപ്പ് പങ്കുവെച്ചത്. അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും രാജിയേപ്പറ്റി സൂചനയൊന്നും നൽകിയില്ലെന്നും അഖിലേഷ് പറയുന്നു.
എല്ലാം സാധാരണയായി തോന്നിയെങ്കിലും അണിയറയിൽ കാര്യമായ സംഭവ വികാസങ്ങൾ നടന്നിരുന്നു എന്നാണ് അറിയുന്നത്. ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് നിർദേശിച്ച് 63 പ്രതിപക്ഷ എംപിമാരിൽ നിന്ന് ലഭിച്ച നോട്ടീസിനെക്കുറിച്ച് നേരത്തേ സഭയെ അഭിസംബോധന ചെയ്തപ്പോൾ ധൻകർ സംസാരിച്ചിരുന്നു
വിവിധ പാർട്ടികളിൽ നിന്നുള്ള നൂറിലധികം എംപിമാരുടെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയമായിരുന്നു ഇന്നലത്തെ സുപ്രധാന വിഷയം. തുടർ നടപടികൾക്കായി ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും അദേഹം ചർച്ച ചെയ്തു. എന്നാൽ, തൻ്റെ ആരോഗ്യത്തെക്കുറിച്ചോ സ്ഥാനമൊഴിയാനുള്ള ഉദ്ദേശത്തെക്കുറിച്ചോ അപ്പോഴും അദേഹം ഒന്നും പറഞ്ഞില്ല.അതിനാൽ തന്നെ പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയ നോട്ടീസ് രാജ്യസഭയിൽ സ്വീകരിച്ചതിൻ്റെ പേരിൽ കേന്ദ്ര സർക്കാരുമായുണ്ടായ തർക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
യശ്വന്ത് വർമയുടെ വിഷയത്തിൽ രൂക്ഷമായ വിമർശനങ്ങൾ മുമ്പ് ജഗദീപ് ധൻകറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനാൽ അദേഹത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പ്രമേയം കൊണ്ടു വരുന്നത് തങ്ങളുടെ അജണ്ടയ്ക്ക് മേധാവിത്വമുണ്ടാക്കുമെന്ന് പ്രതിപക്ഷത്തിന് വിശ്വാസമുണ്ടായിരുന്നു. ആ നീക്കമാണ് ഇപ്പോൾ ഇല്ലാതായത്.
മാത്രമല്ല ഗുസ്തിക്കാരുടെയും കർഷകരുടെയുംസമരങ്ങളിൽ സർക്കാരിനെതിരെയുള്ള വിമർശനത്തിലും ധൻകർ ഭരണ നേതൃത്വത്തിന്റെ അപ്രീതി നേടിയിരുന്നു. ധൻകറിന്റെ രാജി സർക്കാരിനെ സമ്മർദത്തിലാക്കാനാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഇതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസിലും ചില നാടകീയ രംഗങ്ങൾ അരങ്ങേറി. ബിജെപി എംപിമാർ തിരക്കിട്ട് പ്രതിരോധ മന്ത്രിയുടെ ഓഫീസിന് അകത്തേക്കും പുറത്തേക്കും പോകുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പരസ്പരം സംസാരിക്കുക പോലും ചെയ്യാതെയുള്ള ഈ തിരക്കിട്ട നീക്കങ്ങൾക്കിടയിൽ ചില രേഖകളിൽ ഒപ്പു വെയ്ക്കപ്പെട്ടിട്ടുണ്ട് എന്നും എന്നാൽ ശൂന്യമായ പേപ്പറുകളിലാണ് ഒപ്പു വയ്ക്കപ്പെട്ടതെന്നും അഭ്യൂഹങ്ങളുണ്ട്.
അതിനിടെ അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഉപരാഷ്ട്രപതി പദവിയിൽ ഒഴിവ് വന്നാൽ ആര് ആ ചുമതലകൾ നിർവഹിക്കണമെന്ന് ഭരണഘടനയിൽ വ്യക്തമാക്കുന്നില്ല.
എന്നാൽ, രാജ്യസഭാ ചെയർപേഴ്സണെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി ചെയർപേഴ്സണോ അല്ലെങ്കിൽ രാഷ്ട്രപതി ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും രാജ്യസഭാംഗമോ ആയിരിക്കും ആ ചുമതല നിർവഹിക്കുക.
ഭരണഘടനയുടെ 66-ാം അനുച്ഛേദമനുസരിച്ച് പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. സാധ്യതാ സ്ഥാനാർത്ഥികളെക്കുറിച്ച് എൻഡിഎ വരും ദിവസങ്ങളിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ജനതാദൾ യുണൈറ്റഡ് എംപിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ഹരിവംശും പരിഗണിക്കപ്പെടുന്നുണ്ട്. കോൺഗ്രസ് നേതൃത്വവുമായി അകന്നു നിൽക്കുന്ന ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകളും പരിഗണിക്കപ്പെട്ടേക്കാം എന്നും അഭ്യൂഹമുണ്ട്.