ന്യൂഡൽഹി:സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഒപ്പുവയ്ക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചിട്ടുള്ളത് .
ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് റഫറൻസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പിഎസ് നരസിംഹ, എഎസ് ചന്ദുർകർ എന്നിവരാണ് മറ്റ് ജഡ്ജുമാർ . തമിഴ്നാട് ഗവർണർക്കെതിരായ കേസിലെ വിധിയിലാണ് ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രീം കോടതി മൂന്ന് മാസം സമയപരിധി നിശ്ചയിച്ചത്. സമയപരിധി ലംഘിച്ചാൽ സംസ്ഥാന സർക്കാരിനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ചാണ് രാഷ്ട്രപതിയുടെ ചോദ്യങ്ങൾ. വിധിയിൽ 14 കാര്യങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.