തിരുവനന്തപുരം : അന്തരിച്ച വി എസ് അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനായി എത്തിക്കും.
ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലെ വീട്ടിലേക്കും മൃതദേഹം കൊണ്ടുപോകും. വൈകുന്നേരം ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.
വൈകുന്നേരത്തോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ അറിയിച്ചു.
1923 ഒക്ടോബർ 20-ാം തീയതി ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വി എസ് ജനിച്ചത്. നാലാം വയസ്സിൽ അമ്മയും 11-ാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സിൽ പഠനം നിറുത്തേണ്ടിവന്നു. തുടർന്ന് മൂത്ത സഹോദരനെ സഹായിക്കാൻ ഗ്രാമത്തിലെ തുന്നൽക്കടയിൽ ജോലിക്കു നിന്നു. അതിനുശേഷം കയർ ഫാക്ടറിയിലും തൊഴിലാളിയായി പ്രവർത്തിച്ചു.