തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവും ആയ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസ്സായിരുന്നു. തിരുവനന്തപുരം പട്ടം എസ് യുടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2019 ന് ശേഷം വിഎസ് അച്യുതാനന്ദൻ വിശ്രമത്തിലായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിഎസ്സിനെ എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കകളുടെ പ്രവർത്തനവും തകരാറിൽ ആവുകയായിരുന്നു. ജൂലായ് 23 ന് ആയിരുന്നു അദ്ദേഹത്തെ പട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സർക്കാർ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രി ആയിരുന്നു വിഎസ് അച്യുതാനന്ദൻ.
2006 മുതൽ 2011 വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു. ഏറ്റവും ഒടുവിൽ നിയമസഭയിലേക്ക് ജയിച്ചപ്പോൾ ഭരണ പരിഷ്കരണ കമ്മീഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.ചെറുപ്പകാലം മുതലേ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന വിഎസ് അച്യുതാനന്ദൻ പതിനഞ്ചാം വയസ്സിൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. 17-ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വവും നേടി.
പുന്നപ്ര-വയലാർ സമര നേതാവായിരുന്ന വിഎസ് കടുത്ത പോലീസ് വേട്ടയാടലിനും ഇരയായിട്ടുണ്ട്. 1957 ൽ കേരളത്തിലെ ആദ്യ ഇഎംഎസ് സർക്കാർ രൂപീകരിക്കുമ്പോൾ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയും ആയിരുന്നു അദ്ദേഹം.സിപിഐ പിളർന്ന് സിപിഐഎം രൂപീകരിക്കുന്നതിലും നിർണായക നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ.
1964 ൽ സിപിഐ ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിൽ ഒരാൾ. ഇതായിരുന്നു സിപിഐയുടെ പിളർപ്പിലേക്കും സിപിഐഎമ്മിന്റെ രൂപീകരണത്തിലേക്കും നയിച്ചത്. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ജിവനോട് അവശേഷിച്ചിരുന്നത് വിഎസ് അച്യുതാനന്ദൻ മാത്രമായിരുന്നു.1986 മുതൽ 2009 വരെ കേരളത്തിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗമായിരുന്നു വിഎസ്. മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.
സിപിഎമ്മിൽ കടുത്ത വിഭാഗീയതയുടെ കാലത്ത് ആശയസമരം മുൻനിർത്തി ഒരു വശത്ത് വിഎസ് അച്യുതാനന്ദൻ നിലകൊണ്ട്. പണ്ട് വലംകൈ ആയിരുന്ന പിണറായി വിജയൻ ആയിരുന്നു എതിർപക്ഷത്ത്. ഏറെക്കാലം കേരളത്തിലെ മാധ്യമങ്ങൾക്ക് വലിയ ചർച്ചാവിഷയം ആയിരുന്നു വിഎസ്- പിണറായി വിഭാഗീയത്. എന്നാൽ 2015 ലെ പാർട്ടി സമ്മേളത്തോടെ പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ ഏറെക്കുറേ അവസാനിച്ചു.