ഹൈദരാബാദ്: പറന്നുയർന്ന് മിനിറ്റുകൾക്കകം സാങ്കേതിക തകരാറുമൂലം യാത്രാവിമാനം തിരിച്ചിറക്കി. ഇൻഡിഗോയുടെ എയർബസ് എ321 നിയോ മോഡലിലുള്ള വിമാനമാണ് ഞായറാഴ്ച രാത്രി 7:42ന് തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്.
സാങ്കേതിക പ്രശ്നം ശ്രദ്ധയിൽ പെട്ടതോടെ വെങ്കടഗിരി പട്ടണം വരെ എത്തിയ ശേഷം വിമാനം തിരികെ തിരുപ്പതിയിലേക്ക് മടങ്ങി .
തിരിച്ചെത്തിയെങ്കിലും വിമാനത്താവളത്തിലിറങ്ങാനുള്ള അനുമതി കിട്ടുന്നത് വരെ ഏകദേശം 40 മിനിറ്റ് വിമാനത്താവളത്തിന് സമീപം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് ലാൻഡ് ചെയ്യാനായത് .
വിമാനം രാത്രി 7:20ന് തിരുപ്പതിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8:30ന് ഹൈദരാബാദിൽ എത്തേണ്ടതായിരുന്നു വിമാനം. അന്നേ ദിവസത്തെ ഹൈദരാബാദിലേക്ക് പോകേണ്ട അവസാന ഷെഡ്യൂൾ വിമാനം ആയിരുന്നു ഇത്.
സംഭവത്തിൽ ഇൻഡിഗോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.