മിർസാപൂർ: സി.ആർ.പി.എഫ് (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്) ജവാനെ ആക്രമിച്ച കൻവാർ യാത്രികർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മിർസാപൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം. ടിക്കറ്റ് എടുക്കുന്നതിനെ സംബന്ധിച്ചായിരുന്നു തർക്കം ആരംഭിച്ചത്, പിന്നീട് അത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.
സി.ആർ.പി.എഫ് ജവാൻ ഗൗതമാണ് മർദ്ദനത്തിന് ഇരയായത്. അറസ്റ്റിലായ 7 പേരിൽ ഒരാൾ 18 വയസിന് താഴെയാണെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതികൾ ജവാനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഗൗതത്തിന്റെ മകൻ ഗവൺമെന്റ് റെയിൽവേ പൊലീസിലും (GRP) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലും (RPF) പരാതിയുമായി സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴുപേർക്കുമെതിരെ റെയിൽവേ ആക്റ്റിന്റെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.