തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ 2025-26 അധ്യേന വർഷത്തിൽ 1 മുതൽ 10 വരേയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ കണക്കുകൾ പുറത്ത് വന്നപ്പോൾ; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒന്നാം ക്ലാസിൽ 16,510 കുട്ടികളുടെ കുറവുണ്ട്. മൊത്തം കുട്ടികളുടെ കണക്കെടുത്താൽ 1.25 ലക്ഷം കുട്ടികൾ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്ന് കാണാം.
ഓരോ ക്ലാസിലും പഠിക്കേണ്ട പ്രായത്തിൽ കേരളത്തിൽ ഉള്ള കുട്ടികളുടെ ഏകദേശ കണക്കുമായി താരതമ്യം ചെയ്താൽ 60.68% കുട്ടികളാണ് പൊതു വിദ്യാലയങ്ങളിൽ ഉള്ളത്. അതിൽത്തന്നെ LP യിൽ 51.5% വും UP യിൽ 62.3% വും ഹൈസ്ക്കൂളിൽ 70% ആണ് പൊതു വിദ്യാലയങ്ങളിൽ ഉള്ളത്.
പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 31,61,989 കുട്ടികളുടെ കേവലം 33.4% കുട്ടികൾ മാത്രമാണ് തിരുവനന്തപുരം മുതൽ എറണാകുളം വരേയുള്ള ജില്ലകളിലുള്ളത്. 66.6% കുട്ടികളും തൃശ്ശൂർ മുതൽ കാസർഗോഡ് വരേയുള്ള ജില്ലകളിലാണ്. മലപ്പുറം ജില്ലയിൽ മാത്രം ഇതിലെ 21.35% കുട്ടികൾ ഉണ്ട് . കൂടുതൽ പൊതുവിദ്യാഭ്യാസ സൗകര്യങ്ങൾ ഉള്ള തെക്കൻ മധ്യകേരള ജില്ലകളിൽ കുട്ടികൾ കുറവും വടക്കൻ ജില്ലകളിൽ കുട്ടികൾ കൂടുതലാണെന്നും റിപ്പോർട്ടിൽ കാണാം.