കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു . സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുന്നത് . പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡൻ്റ്. കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ നൽകും.
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി.
തേവലക്കര ബോയ്സ് സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെയാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ നിന്നാണ് വിദ്യാർഥിക്ക് ഷോക്കേറ്റത്.