കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനം എറണാകുളം ലൂർദ് ആശുപത്രിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ 14 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന പ്ലാസ്റ്റിക് സർജറി എക്സിബിഷൻ – ദി സ്പെയർ പാർട്സ് വർക്ക്ഷോപ്പ് – എറണാകുളം എംഎൽഎ ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.
ലൂർദ് ആശുപത്രി പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ചാക്കോ സിറിയക്കിൻ്റെ നേതൃത്വത്തിൽ, ലൂർദ് ആശുപത്രിയിൽ വിജയകരമായി ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തിയതും വെല്ലുവിളികൾ നിറഞ്ഞതുമായ 111 പ്ലാസ്റ്റിക് സർജറികളുടെ വിശദാംശങ്ങളാണ് എക്സിബിഷനിൽ പ്രതിപാദിച്ചിരിക്കുന്നത്.
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ്ജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് ജോൺ എബ്രഹാം ലൂർദ് കോളേജ് ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരുത്തിൽ, ഡോ. ചാക്കോ സിറിയക്ക്, ലൂർദ് ആശുപത്രി നഴ്സിംഗ് സൂപ്പർവൈസർ സിസ്റ്റർ അനീറ്റ എന്നിവർ സംസാരിച്ചു.
ലൂർദ് കോളേജ് ഓഫ് നേഴ്സിങ് വിദ്യാർത്ഥികൾക്കായി പ്ലാസ്റ്റിക് സർജറിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നഴ്സിംഗ് ബിരുദ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ സ്കിറ്റും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്ലാസ്റ്റിക് സർജറി എക്സിബിഷൻ ജൂലൈ 14 മുതൽ 19 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാവുന്നതാണ്.