തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് ഗതാഗതമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് യോഗം .
ഈ മാസം 22-ാം തിയതി മുതലാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത് . വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി ഉന്നയിക്കുന്നത് .
മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു .32000 എണ്ണം ഉണ്ടായിരുന്ന ബസ് വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങി. ഇനിയും ഈ പ്രശനങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു . തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.